ബഹ്റൈനിൽ ഇന്ന് അനുഭവപ്പെട്ടത് കനത്ത ചൂടും ഹ്യുമിഡിറ്റിയും
text_fieldsമനാമ: കഴിഞ്ഞ ദിവസം രാജ്യത്ത് അനുഭവപ്പെട്ടത് കനത്ത ചൂടും ഹ്യുമിഡിറ്റിയും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പ്രകാരം ഈർപ്പം 90 ശതമാനം വരെ എത്തിയിരുന്നു. പകൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. എന്നാൽ 50 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടിരുന്നു. വൈകുന്നേരത്തോടെ ചൂടിൽ നേരിയ കുറവുണ്ടായെങ്കിലും ഹ്യുമിഡിറ്റിയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല.
വടക്ക്-പടിഞ്ഞാറൻ കാറ്റുകളുടെ സ്വാധീനം കാരണം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഈർപ്പം കുറഞ്ഞിരുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിലെ മെറ്റീരിയോളജി ഡയറക്ടർ ഖാലിദ് യാസിൻ അറിയിച്ചു. എന്നാൽ, വാരാന്ത്യത്തോടെ കാറ്റിന്റെ ദിശ വടക്ക്-കിഴക്കോട്ടോ തെക്ക്-കിഴക്കോട്ടോ മാറുന്നതിനാൽ ഈർപ്പത്തിന്റെ അളവ് വീണ്ടും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ മാസത്തിൽ പകൽ സമയങ്ങളിൽ ഉയർന്ന താപനില തുടരുമെങ്കിലും, വൈകുന്നേരങ്ങളിലും അതിരാവിലെയും കാലാവസ്ഥ കൂടുതൽ സൗമ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 22 ഓടെ രാജ്യത്ത് കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രവചനം.