ബഹ്റൈൻ ഗോൾഡൻ വിസ: സമഗ്ര വിവരങ്ങൾക്ക് വെബ്സൈറ്റും ഹോട്ട്ലൈനും ആരംഭിച്ചു
text_fieldsമനാമ: ഗോൾഡൻ റെസിഡൻസി വിസയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനായി ഔദ്യോഗിക വെബ്സൈറ്റും ഹോട്ട്ലൈനും ആരംഭിച്ച് ബഹ്റൈൻ. വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വിസ സ്വന്തമാക്കാനുള്ള ഇ-സർവിസുകൾക്കും പോർട്ടലും (www.goldenresidency.gov.bh) ഹോട്ട് ലൈൻ നമ്പറും (+973 17484000) സജ്ജമാണ്. ഇതുവഴി വിസക്ക് അപേക്ഷയും സമർപ്പിക്കാം. അപേക്ഷകരെയും ഗോൾഡൻ റെസിഡൻസി ഉടമകളെയും സഹായിക്കുന്നതിന് പോർട്ടലിന്റെ കീഴിൽ സദാസമയവും ഒരു ടീമും പ്രവർത്തിക്കുന്നുണ്ട്.
പ്രതിഭകളെയും ഉയർന്ന ആസ്തിയുള്ളവരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനും നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ബഹ്റൈൻ ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചത്. യു.എ.ഇക്ക് ശേഷം 2022 ഫെബ്രുവരിയിലാണ് ബഹ്റൈനും ഗോൾഡൻ വിസ നൽകിത്തുടങ്ങിയത്. ആദ്യമായി വിസ സ്വന്തമാക്കിയത് മലയാളി വ്യവസായി എം.എ. യൂസുഫലിയായിരുന്നു. 2024 അവസാനത്തിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 100 രാജ്യങ്ങളിൽ നിന്നുള്ള 10000ത്തോളം പേർക്ക് ബഹ്റൈൻ ഗോൾഡൻ വിസ നൽകിയിട്ടുണ്ട്. നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുകയുമാണ് വിസ പ്രഖ്യാപനത്തിലൂടെ ബഹ്റൈൻ ലക്ഷ്യമിടുന്നത്. വിഷൻ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ലഭിക്കുന്നത് ഗോൾഡൻ അവസരങ്ങൾ
ദീർഘകാല താമസത്തിന് അനുയോജ്യമായ ഗോൾഡൻ വിസകൾ ജോലി ചെയ്യാനുള്ള അവകാശം, പരിധിയില്ലാത്ത പ്രവേശനം, പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നുണ്ട്. തുടക്കത്തിൽ പത്ത് വർഷവും പിന്നീട് അനിശ്ചിതമായി പുതുക്കാവുന്നതുമാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കുൾപ്പെടെ ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. വിദേശികളായ ബിസിനസുകാർക്ക് 100 ശതമാനം ഉടമസ്ഥാവകാശമാണ് രാജ്യം അനുവദിക്കുന്നത്. ഗോൾഡൻ വിസ കൂടുതൽ നിക്ഷേപ അവസരങ്ങൾക്കും ആനുകൂല്യങ്ങൾക്കും സാഹചര്യമൊരുക്കും.
നിബന്ധനകൾ
കഴിഞ്ഞ അഞ്ച് വർഷമായി 2,000 ദിനാറിൽ കുറയാത്ത ശമ്പളത്തിൽ ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾ, ബഹ്റൈനിലോ മറ്റ് രാജ്യങ്ങളിലോ ജോലിയിൽ നിന്ന് വിരമിച്ച 4,000 ബഹ്റൈൻ ദിനാറിൽ കുറയാത്ത അടിസ്ഥാന ശമ്പളമുണ്ടായിരുന്ന വ്യക്തികൾ, ബഹ്റൈനിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യമേഖലയിൽ 15 വർഷത്തിലധികം ജോലി ചെയ്തിരുന്ന വിരമിച്ചവരും കഴിഞ്ഞ അഞ്ച് വർഷത്തെ റെസിഡൻസിയിൽ ശരാശരി പെൻഷൻ 2,000 ദിനാറിൽ കൂടുതലുള്ള വ്യക്തികൾ, ബഹ്റൈനിൽ വാങ്ങിയ സമയത്ത് രണ്ട് ലക്ഷം ദിനാറിൽ കുറയാത്ത മൂല്യമുള്ള വസ്തുക്കളുടെ ഉടമകൾ, നിശ്ചിത മേഖലകളിൽ പ്രതിഭകളായവരും സർക്കാർ ഏജൻസികൾ നോമിനേറ്റ് ചെയ്തവരുമായ വിദേശികൾ എന്നിവർക്കാണ് ഗോൾഡൻ വിസ ലഭിക്കുന്നത്.
അക്കാദമിക്, കല, കായികം, ശാസ്ത്രം, അല്ലെങ്കിൽ സംരംഭകത്വം തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ചവർ അതിനുള്ള തെളിവ് സമർപ്പിക്കേണ്ടിവരും. അക്കാദമിക് വിദഗ്ധർക്ക്, മുൻഗണനാ വിഷയത്തിൽ പിഎച്ച്.ഡി സർട്ടിഫിക്കറ്റോ ഉന്നതവിദ്യാഭ്യാസ ബിരുദമോ ആവശ്യമായി വന്നേക്കാം. ശാസ്ത്രജ്ഞർക്ക് പേറ്റന്റ് രേഖയുടെ ഒരു പകർപ്പും നൽകേണ്ടി വരും.
ആവശ്യമായ രേഖകൾ
വിസ നേടാനായി 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. മിനിമം ആറുമാസം തന്നെയെങ്കിലും കാലാവധിയുള്ള സാധുവായ പാസ്പോർട്ട് ആയിരിക്കണം. സാമ്പത്തികസ്ഥിരത തെളിയിക്കുന്നതിന് ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഐഡി കാർഡ്, ബഹ്റൈനിലെ ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ബഹ്റൈനിൽ നിന്നും ജന്മനാട്ടിൽ നിന്നുമുള്ള ക്ലീൻ ക്രിമിനൽ റെക്കോഡ്, ബഹ്റൈനിൽ ജോലി ചെയ്തവരാണെങ്കിൽ മുൻകാല റെസിഡൻസി പെർമിറ്റ്, അപേക്ഷിക്കുന്ന തീയതി മുതൽ തുടർച്ചയായി രോഗബാധിതനല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള മെഡിക്കൽ റിപ്പോർട്ട് എന്നിവ പൊതുവായി ആവശ്യമായ രേഖകളാണ്.
ഓരോ വിഭാഗത്തിലും വ്യത്യസ്ത രേഖകളാണ് സമർപ്പിക്കേണ്ടതെങ്കിലും മേൽപറഞ്ഞ രേഖകൾ സമർപ്പിക്കൽ എല്ലാവർക്കും ബാധകമാണ്. ഗോൾഡൻ റെസിഡൻസി വിസ നിലനിർത്താൻ വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും ബഹ്റൈനിൽ ചെലവഴിക്കേണ്ടതുണ്ട്.
ഇ-പോർട്ടൽ വഴി വിസക്ക് അപേക്ഷിക്കേണ്ട രീതി
ബഹ്റൈനിലെ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് ആണ് ഗോൾഡൻ വിസ ഇഷ്യൂ ചെയ്യുന്നത്. അതിനായി (bahrain.bh അല്ലെങ്കിൽ goldenresidency.gov.bh) എന്ന ഇ-സർവിസസ് പോർട്ടലിലേക്ക് പോകുക.
- നേരത്തെ അക്കൗണ്ട് ഇല്ലെങ്കിൽ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
- ലഭ്യമായ ഓപ്ഷനുകളിൽനിന്ന് ഉചിതമായ ഗോൾഡൻ വിസ തരം തെരഞ്ഞെടുക്കുക.
- ആവശ്യമായ എല്ലാ വ്യക്തിപരവും സാമ്പത്തികവുമായ വിശദാംശങ്ങൾ കൃത്യമായി നൽകുക.
- നിങ്ങൾ തയാറാക്കിയ എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ അറ്റാച്ച് ചെയ്യുക.
- അപേക്ഷിക്കുന്ന ഒരാൾക്ക് അപേക്ഷ ഫീസായി അഞ്ച് ദീനാറും ഇഷ്യൂ ഫീസായി 300 ദീനാറും നൽകണം
- എല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക
- നിങ്ങളുടെ വിരലടയാളവും നൽകേണ്ടിവന്നേക്കാം
- എല്ലാ രേഖകളും കൃത്യമായാൽ 5-10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും.
- നിർദേശങ്ങളും നിബന്ധനകളും എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് സർക്കാർ വെബ്സൈറ്റായ bahrain.bh എപ്പോഴും പരിശോധിച്ചുറപ്പിക്കുന്നതാണ് ഉചിതം.