തണലിന് തുണയാകുന്ന ബഹ്റൈനിലെ പ്രവാസികൾ
text_fieldsതണൽ ചെയർമാൻ ഡോ. ഇദ്രീസ്
നാമ: ആഡംബരത്തിനും സുഖജീവിതങ്ങൾക്കും വിപരീതമായി മറ്റൊരു ലോകവും ചലിക്കുന്നു എന്നത് ദൈവനിശ്ചയമോ വിധിയോ ആവാം. അതിലകപ്പെടുന്ന മനുഷ്യരിൽ ചിലർ ഒരുപക്ഷേ, ആ വിധികളെ തരണം ചെയ്ത് മുന്നേറുന്നവരുമാവാം. എന്നാൽ, അവിടെയും വീണുപോകുന്ന ഒരുപറ്റം മനുഷ്യരുണ്ട്. ഇണയോ തുണയോ പണമോ ഇല്ലാത്ത നിസ്സഹായരായ മനുഷ്യർ. രോഗംകൊണ്ടും അവശതകൊണ്ടും പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്തവർ. അവർക്കും ജീവിക്കണം. ഉള്ളറിയുന്ന വേദനകൾക്ക് ആശ്വാസമാകണം. ഈ ചിന്തകളാണ് ഡോ. ഇദ്രീസിനെ തണൽ എന്ന ആശയത്തിലേക്കെത്തിക്കുന്നത്. ആരോരുമില്ലാത്തവർക്കും അവശത അനുഭവിക്കുന്നവർക്കും തുണയായി തണലിനെ വളർത്തിയ ഡോക്ടറോടൊപ്പം പ്രവാസികളുടേതടക്കം ഇന്ന് അനേകായിരം മനുഷ്യരുടെ മനസ്സറിഞ്ഞ പിന്തുണയുണ്ട്. പകരം പ്രതീക്ഷിക്കാത്ത പ്രതിഫലം ആഗ്രഹിക്കാത്ത പിന്തുണ.
2007ൽ തണലിന്റെ പ്രാഥമിക ചർച്ചകൾക്ക് തുടക്കമിട്ടപ്പോൾതന്നെ പ്രവാസ ലോകത്തും ആ ചലനങ്ങൾ പ്രചരിച്ചുതുടങ്ങിയിരുന്നു. അതിൽ പവിഴ ദ്വീപ് നൽകിയ പിന്തുണക്കും പ്രേരണക്കും ഇന്നും തണലിന്റെ സ്ഥാപകരിൽ അവിസ്മരണീയമായ ഓർമകളുണ്ട്. ജാതി-മത ഭേതമില്ലാതെയാണ് അന്ന് ബഹ്റൈനിലെ പ്രവാസികൾ തണലിന് തുണയാകാനൊരുങ്ങിയത്. ചെറുതെങ്കിലും തണലിന്റെ സ്ഥാപനങ്ങൾക്ക് അടിത്തറ നൽകിയതും മാഹി പള്ളൂർ സ്വദേശിയായ ഒരു ബഹ്റൈനി പ്രവാസിയാണ്. സ്വന്തം തറവാട് തണലിന്റെ ആദ്യ സെന്ററിനായി സംഭാവന നൽകിയ ആ മനുഷ്യന്റെ പ്രേരണക്ക് പിന്നിൽ ബഹ്റൈനിലെ പ്രവാസികൾ അണിനിരക്കുകയായിരുന്നു. പ്രവാസ ലോകത്ത് രാവന്തിയോളം അധ്വാനിച്ച് കുടുംബത്തിനായി സ്വരുക്കൂട്ടിയൊരുക്കുന്ന ചില്ലറത്തുട്ടുകളിൽ ഒരു പാതി മനുഷ്യർ മനസ്സറിഞ്ഞ് തണലിനും മാറ്റിവെച്ചു തുടങ്ങി. തണലിന്റെ ലക്ഷ്യങ്ങൾ അന്ന് മുതലാണ് സാക്ഷാത്കാരത്തിന്റെ പാതയിലായത്.
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സംരക്ഷിക്കുന്ന പദ്ധതികളെ തണൽ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ് ബഹ്റൈനിലെ പ്രവാസികളൊരു അപൂർവസംഗമത്തിന് വേദിയൊരുക്കിയത്. ജീവിതകാലത്ത് സുഖങ്ങളെന്തെന്നറിയാത്ത, വീടിന് പുറത്തെ മനോഹര ലോകങ്ങളിലെ ആസ്വാദനം വിലക്കപ്പെട്ട നിത്യ ജീവിതത്തിൽ വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ അവർ അതിഥികളായി പവിഴ ദ്വീപിലേക്ക് ക്ഷണിച്ചു. 50 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സഹചാരികളുമായി ഒരു സംഘം അന്ന് വിമാനം കയറിയെത്തിയത് മനുഷ്യായുസ്സിൽ ഒരാവൃത്തിയാഗ്രഹിച്ച ഒരു യാത്ര സാക്ഷാത്കരിച്ച പൂർണതയിലാണ്. ഇന്ത്യൻ സ്കൂളിലെയും കേരളീയ സമാജത്തിലെയും വേദികളെ അനശ്വരമാക്കിയ പ്രകടനങ്ങളുമായി പവിഴദ്വീപിന്റെ ഹൃദയം തൊട്ട ആ മനുഷ്യർ ഇന്നും ആ ഇന്നലകളെ ചില്ലിട്ടു കാക്കുന്നുണ്ടാവും. ആതിഥ്യമൊരുക്കിയ ബഹ്റൈനിലെ പ്രവാസികൾ ആ ഓർമകളെ പവിഴം പോലെ തിളക്കിവെക്കുന്നുമുണ്ടാകും.
തണലിലെ നാഴികക്കല്ലായ പദ്ധതി ബ്രെയിൻ ആൻഡ് സ്പെയിൻ മെഡിസിറ്റിയുടെ ആവിഷ്കരണത്തിന് ഹേതുവായതും ബഹ്റൈനിലെ ഒരു പ്രവാസിയുടെ അപ്രതീക്ഷിത അപകടം മൂലമാണ്. പരിക്കേറ്റ് ചികിത്സയിലായ അദ്ദേഹത്തിന്റെ തുടർ ചികിത്സയെന്നോണം അന്വേഷിച്ചും പരീക്ഷിച്ചും ഇദ്രീസ് ഡോക്ടറും സംഘവും കണ്ടെത്തിയ ബ്രെയിൻ ആൻഡ് സ്പെയിൻ മെഡിസിറ്റിയുടെ സെന്റർ കണ്ണൂരിലെ കാഞ്ഞിരോട് സ്ഥാപിക്കുകയായിരുന്നു. ആ പ്രവാസി തന്നെയായിരുന്നു ഇന്നും ലക്ഷക്കണക്കിന് മനുഷ്യർക്ക് ആശ്രയമാവുന്ന മെഡിസിറ്റിയുടെ ആദ്യ രോഗാതുരൻ. ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച കിഡ്നി എക്സിബിഷൻ കാമ്പയിനിലൂടെ പ്രവാസികൾക്ക് രോഗത്തെക്കുറിച്ചുള്ള അവബോധത്തിനും നിർണയത്തിനും ചികിത്സക്കും ബഹ്റൈനിലെ തണൽ അംഗങ്ങൾ വഴിയൊരുക്കിയിരുന്നു. താളം തെറ്റിയുള്ള പ്രവാസിയുടെ ജീവിത രീതിക്കും ശീലത്തിനും തണലൊരു തുണയാവുന്നത് ആ മനുഷ്യർക്കെന്നും ആശ്വാസത്തിന്റെ തലോടലാണ്. പ്രയാസപ്പെടുന്ന മനുഷ്യർക്ക് പരസഹായിയായും തുണയായും തണലൊരുക്കുന്ന മനുഷ്വത്വത്തിന്റെ വലിയലോകത്ത് ആശ്രിതത്വത്തിന്റെ ചെറിയ കണികകളാവാൻ മനുഷ്യന് കഴിയുന്നിടത്താണ് ആ ലോകം മനോഹരമാകുന്നത്.
ലോകത്തെ വ്യത്യസ്ത കോണുകളെ കോർത്തിണക്കി തണൽ സ്വരുക്കൂട്ടുന്ന സംഭാവനകളെ ഒരു ദിവസം മാത്രം ആശ്രയിക്കുന്നത് 2,57,000 മനുഷ്യരാണ്. അർഹതപ്പെട്ട മനുഷ്യരുടെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നവയിലെ സംരക്ഷണം ലക്ഷ്യമിട്ട് 16 സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന 657 സെന്ററുകളുമായി തണൽ പ്രയാണം തുടർന്നുകൊണ്ടിരിക്കയാണ്. ഇവക്കെല്ലാം ഒരുമാസത്തെ ചെവവ് മാത്രം എട്ടു കോടിയോളം. 2030ഓടെ 2500 സെന്ററുകളുമായി 10 ലക്ഷം മനുഷ്യർക്ക് ഒരു ദിവസത്തെ ആശ്രയമായി മാറാനാണ് തണലിന്റെ ലക്ഷ്യം.