ബഹ്റൈനിൽ കിങ് ഫിഷിനെ വലയിട്ടു പിടിക്കുന്നതിന് രണ്ടു മാസത്തെ നിരോധനം
text_fieldsമനാമ: ബഹ്‌റൈനിൽ രാജ്യത്തെ കടൽ അതിർത്തികളിൽ വലകൾ ഉപയോഗിച്ച് കിങ് ഫിഷ് പിടിക്കുന്നതിന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് രണ്ടു മാസത്തെ നിരോധനം ഏർപ്പെടുത്തി. 2026 ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ നിരോധനം നിലവിൽ വരുന്നത്. ഈ കാലയളവിൽ ചൂണ്ടകൾ ഉപയോഗിച്ച് മാത്രമേ കിങ് ഫിഷ് പിടിക്കാൻ അനുവാദമുള്ളൂ. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുക, മത്സ്യസമ്പത്ത് നിലനിർത്തുക, സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ചും കിങ് ഫിഷുകളുടെ പ്രജനനവും മുട്ടയിടലും നടക്കുന്ന കാലഘട്ടം മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരോധനം ലംഘിച്ച് മീൻപിടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, നിരോധന കാലയളവിൽ അബദ്ധത്തിൽ വലകളിൽ കിങ് ഫിഷ് അകപ്പെട്ടുപോയാൽ, മീനുകൾക്ക് പരിക്കേൽക്കാതെ അവയെ ഉടൻ തന്നെ സുരക്ഷിതമായി കടലിലേക്ക് തിരികെ വിടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.


