ബഹ്റൈൻ ലയൺസ് ക്ലബ് മത്സരം; പ്രതിഭ തെളിയിച്ച് നൂറുകണക്കിന് വിദ്യാർഥികൾ
text_fieldsലയൺസ് ക്ലബ് ഭാരവാഹികളും ന്യൂ മില്ലേനിയം സ്കൂൾ അധികൃതരും
മനാമ: ബഹ്റൈനിലെ യുവപ്രതിഭകൾക്കായി റിഫ ലയൺസ് ക്ലബ് സംഘടിപ്പിച്ച വാർഷിക വാക്ക്-ഇൻ ഉപന്യാസ-ചിത്രരചനാ മത്സരം ന്യൂ മില്ലേനിയം സ്കൂൾ കാമ്പസിൽ വിജയകരമായി സമാപിച്ചു. ശനിയാഴ്ച നടന്ന പരിപാടിയിൽ രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ തങ്ങളുടെ സാഹിത്യ-കലാ വൈഭവം പ്രകടിപ്പിച്ചു.
ലയൺസ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിൽനിന്ന്
രാവിലെ രജിസ്ട്രേഷനോടെ ആരംഭിച്ച പരിപാടിയിൽ ഉപന്യാസ രചന, ചിത്രരചന എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വായനക്കാരിലും കുട്ടികളിലും സമാധാനം, ഐക്യം, ക്രിയാത്മകമായ ആശയവിനിമയം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലയൺസ് ക്ലബ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. കൂടാതെ, ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സ്കൂളിന് പ്രത്യേക പുരസ്കാരം നൽകി ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അവരുടെ സർഗാത്മക ചിന്തകൾക്ക് വേദിയൊരുക്കാനും ഇത്തരം മത്സരങ്ങൾ അനിവാര്യമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും ലയൺസ് ക്ലബ് ഭാരവാഹികളെയും സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ അഭിനന്ദിച്ചു.


