സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നീട്ടിവെക്കണമെന്ന് പാർലമെന്റിൽ ആവശ്യം
text_fieldsമനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന അടിയന്തര നിർദ്ദേശം പാർലമെന്റിൽ സമർപ്പിച്ചു. ഒരേ ജീവനക്കാരുടെ ഇൻഷുറൻസിനായി കമ്പനികൾ രണ്ട് തവണ പണം നൽകേണ്ടി വരുമെന്നും ഇത് ബിസിനസ്സുകളെയും തൊഴിലുകളെയും പ്രതിസന്ധിയിലാക്കുമെന്നുമുള്ള ആശങ്കയെത്തുടർന്നാണ് ഈ നീക്കം.
ഹസ്സൻ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഫീസ് പിരിക്കുന്ന രീതി സംബന്ധിച്ച് സർക്കാർ പുനഃപരിശോധന നടത്തുകയും, എൽ.എം.ആർ.എയുമായി ചേർന്ന് കൃത്യമായ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുന്നതുവരെ ഫീസ് ഈടാക്കുന്നത് മരവിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. വർദ്ധിച്ചുവരുന്ന ചിലവുകൾ കാരണം നിലവിൽ തന്നെ പ്രതിസന്ധിയിലായ സ്ഥാപനങ്ങൾക്ക് പുതിയ ഫീസ് വലിയൊരു സാമ്പത്തിക ബാധ്യതയാകുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
ചില കമ്പനികൾ അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങൾ വഴി തങ്ങളുടെ ജീവനക്കാർക്ക് ഇതിനകം തന്നെ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് ഹസ്സൻ ഇബ്രാഹിം വ്യക്തമാക്കി. എന്നിട്ടും അവരോട് പുതിയ ഫീസ് അടക്കാൻ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇത് ഒരേ ജീവനക്കാർക്കായി തൊഴിലുടമകൾ രണ്ട് തവണ പണം നൽകുന്നതിന് തുല്യമാണ്. ഇത് ബിസിനസ്സുകൾക്ക് മേൽ അന്യായമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുള്ള സ്ഥാപനങ്ങളെ പരിഗണിക്കണമെന്നും, അവരെ വീണ്ടും പുതിയ പോളിസികൾ എടുക്കാനോ പണം അടക്കാനോ നിർബന്ധിക്കരുതെന്നും എം.പിമാർ ആവശ്യപ്പെട്ടു.
ഫീസ് താൽക്കാലികമായി നിർത്തിവെക്കുന്നത് തൊഴിലാളികളുടെ ചികിത്സാ പരിരക്ഷയെ ബാധിക്കാതെ തന്നെ കൂടുതൽ ന്യായമായ നിയമങ്ങൾ രൂപീകരിക്കാൻ അധികൃതർക്ക് സമയം നൽകുമെന്നും, നിലവിലെ ചിലവുകൾ പോലും താങ്ങാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ബിസിനസ്സുകൾ നിലനിർത്താനും തൊഴിലുകൾ സംരക്ഷിക്കാനും ഈ മാറ്റങ്ങൾ അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.



