ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസിൽ റോബോട്ടിക് ശസ്ത്രക്രിയ രംഗത്ത് പുതു ചരിത്രം; 'ഹ്യൂഗോ റോബോട്ടിക് അസിസ്റ്റഡ് സർജറി' സംവിധാനം നടപ്പിലാക്കി ആർ.എം.എസ് ബഹ്റൈൻ
text_fieldsമനാമ: ആരോഗ്യമേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസ് (ആർ.എം.എസ്). മിഡിൽ ഈസ്റ്റിൽ ആദ്യമായി 'ഹ്യൂഗോ റോബോട്ടിക് അസിസ്റ്റഡ് സർജറി' സംവിധാനം നടപ്പിലാക്കിയാണ് ആർ.എം.എസ് പുതിയ നേട്ടം കൈവരിച്ചത്. 2024 ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ യൂറോളജി, ജനറൽ സർജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലായി ഏകദേശം 180-ലധികം റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.
പരമ്പരാഗത ശസ്ത്രക്രിയകളിൽ നിന്ന് മിനിമലി ഇൻവേസീവ് (കുറഞ്ഞ മുറിവുകളിലൂടെയുള്ള) രീതികളിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് റോബോട്ടിക് സർജറിയെന്ന് ആർ.എം.എസിലെ ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫും കൺസൾറ്റന്റ് യൂറോളജിസ്റ്റുമായ ഡോ. ഐമാൻ അഖീൽ റഈസ് വ്യക്തമാക്കി. സർജൻ കൺസോളിലിരുന്ന് റോബോട്ടിക് കൈകളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.
ഇത് കൈകളുടെ സ്വാഭാവിക വിറയൽ ഒഴിവാക്കാനും അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ ചെയ്യാനും ഡോക്ടർമാരെ സഹായിക്കുന്നു. രോഗികളെ സംബന്ധിച്ച് ചെറിയ മുറിവുകൾ, കുറഞ്ഞ വേദന, രക്തസ്രാവം തീരെ കുറവ്, വേഗത്തിലുള്ള രോഗമുക്തി എന്നിവയാണ് ഇതിന്റെ പ്രധാന മേന്മകൾ.
പരമ്പരാഗത ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഇത്തരം വിദഗ്ദ്ധ ചികിത്സകൾക്കായി വിദേശയാത്ര ചെയ്യേണ്ടിയിരുന്ന അവസ്ഥയാണ് ഇതിലൂടെ മാറിവരുന്നതെന്നും, രാജ്യത്തിനകത്ത് തന്നെ ലോകനിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.


