‘സ്വാതന്ത്ര്യത്തിന്റെ 79ാമത് വർഷം’; പ്രൗഢമായി ആഘോഷിക്കാൻ ഒരുങ്ങി ബഹ്റൈൻ
text_fieldsമനാമ: ഇന്ത്യ പിടിച്ചെടുത്ത കിരാത കൈപ്പടങ്ങളുടെ അധികാര വാഴ്ചക്ക് അറുതിവരുത്തിയ 79 വർഷങ്ങളാണ് ഭാരതം പിന്നിടുന്നത്. പൂർണ സ്വാതന്ത്ര്യാനന്തരം ലോകരാജ്യങ്ങൾക്കിടയിൽ വ്യക്തവും പ്രൗഢിയും നിറഞ്ഞ ഒരു അടയാളപ്പെടുത്തൽ ഇക്കാലയളവിനിടയിൽ രാജ്യം സ്ഥാപിച്ചിട്ടുണ്ട്. ഓരോ പൗരനും അഭിമാനിക്കാനുള്ള ദിവസം കൂടിയാണിത്. ആ അഭിമാന ബോധമാണ് ലോകത്തെവിടെയായാലും ഇന്ത്യയെന്ന വികാരത്തോടെ ഈ ദിവസത്തെ ഓരോരുത്തരും ആഘോഷമാക്കുന്നത്. പതാകയുയർത്തിയും സ്നേഹം പങ്കിട്ടും മധുരം നൽകിയും ദേശീയ സ്നേഹം അവർ പ്രകടിപ്പിക്കും. ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യക്കാരേറെ താമസിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇവിടത്തെ ആഘോഷങ്ങൾക്ക് പകിട്ടൊരൽപ്പം കൂടുതലാണ്.
രാവിലെ ഏഴിന് ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പതാക ഉയർത്തുന്നതോടെയാണ് ബഹ്റൈനിലെ ആഘോഷങ്ങൾക്ക് തുടക്കമാവുക. തുടർന്ന് പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ആഘോഷം സംഘടിപ്പിക്കും. രക്തം ദാനം ചെയ്തും അധ്വാനിക്കുന്ന തൊഴിലാളികൾക്കിടയിൽ ഭക്ഷണം വിതരണം ചെയ്തും ഈ ദിവസത്തെ കൂടുതൽ മനോഹരമാക്കും. ചർച്ചകളും സംവാദങ്ങളും അടങ്ങിയ സാംസ്കാരിക വേദികളും ഒരുക്കിയിട്ടുണ്ട്. നാട്ടിൽനിന്ന് പൗര പ്രമുഖരെയും രാഷ്ട്രീയ സംഘടന നേതാക്കന്മാരെയും അതിനായി മാത്രം ഇന്നേ ദിവസം പലരും ബഹ്റൈനിലെത്തിച്ചിട്ടുണ്ട്. അത്രയേറെ സ്വീകാര്യതയോടെയാണ് ഓരോരുത്തരും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുന്നത്.