സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ബഹ്റൈൻ പ്രവാസികൾ
text_fields
ആശംസകളുമായി ഹമദ് രാജാവും കിരീടാവകാശിയും
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകളുമായി രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. രാഷ്ട്രപതി ദ്രൗപതി മുർമുവിനും ഇന്ത്യൻ പ്രാധാനമന്ത്രി നരേന്ദ്ര മോദിക്കും കേബിൾ സന്ദേശമയച്ചാണ് ഹമദ് രാജാവും കിരീടാവകാശിയും ആശംസ അറിയിച്ചത്.
ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പതാകയുയർത്തി
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി എംബസിയിൽ എത്തിച്ചേർന്നവർ
മനാമ: ഇന്ത്യയെന്ന പൊതു വികാരത്തോടെ സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾ. സ്വന്തം രാജ്യത്തിന്റെ ആഘോഷം മറ്റൊരു രാജ്യത്തുനിന്ന് ആഘോഷിക്കുന്നതിലെ അനുഭൂതി നേടുന്നവരാണ് ഓരോ പ്രവാസിയും. അതിനൊട്ടും പൊലിമ കുറയാത്ത ആഘോഷങ്ങളായിരുന്നു ഇത്തവണയും.
രാവിലെ ഏഴ് മണിക്ക് സീഫിലുള്ള ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വെള്ളിയാഴ്ച അവധി ദിവസമായതിനാൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നിരവധി പേരാണ് എംബസിയിൽ ആഘോഷങ്ങൾക്കായി എത്തിച്ചേർന്നത്. ചടങ്ങിൽ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് അംബാസഡർ പുഷ്പാർച്ചന നടത്തി. തുടർന്ന്, അംബാസഡർ ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശത്തിലെ ഭാഗങ്ങൾ വായിച്ചു.
രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം എടുത്തുപറഞ്ഞു. ‘ആത്മനിർഭരത’ അഥവാ സ്വയംപര്യാപ്തതയാണ് വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളെ സൂചിപ്പിച്ച് അംബാസഡർ സംസാരിച്ചു. ബഹുസ്വരതയെ ഉണർത്തുന്ന കലാ പ്രകടനവും ആഘോഷത്തിന് മാറ്റു കൂട്ടി. ജാതി മത ഭേദമെന്യേ ഇന്ത്യയെന്ന പൊതുവികാരത്തിൽ പ്രവാസികൾ തമ്മിൽ ആശംസകൾ കൈമാറി, ആലിംഗനം ചെയ്തു. മധുര വിതരണത്തോടെയാണ് ആഘോഷങ്ങൾ അവസാനിപ്പിച്ചത്. ശേഷം രാജ്യത്തെ വിവിധ ഇന്ത്യൻ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആഘോഷം സംഘടിപ്പിച്ചു. പതാക ഉയർത്തിയും സംവാദങ്ങളും ചർച്ചകളും സംഘടിപ്പിച്ചും രക്തം ദാനം ചെയ്തും സഹായങ്ങളും ഭക്ഷണവിതരണം നടത്തിയും ദിവസത്തെ പ്രൗഢമാക്കി.
ആഘോഷവുമായി കേരളീയ സമാജം
കേരളീയ സമാജത്തിൽ
പതാകയുയർത്തുന്നു
മനാമ: ഭാരതത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്) ബി.കെ.എസ്. ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പതാക ഉയർത്തി. ചടങ്ങിൽ ആക്ടിങ് സെക്രട്ടറി മഹേഷ് ജി. പിള്ള, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ കുണ്ടംകുഴി, മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി വിങ് കൺവീനർ കെ.ടി. സലിം, ഫൈസൽ, റെജി കുരുവിള, ബിജോയ്, സകറിയ, മാസ്റ്റർ നിദിൽ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തിൽ റൈഡ് നടത്തി പ്ലഷർ റൈഡേഴ്സ്
പ്ലഷർ റൈഡേഴ്സ് അംഗങ്ങൾ
മനാമ: സ്വാതന്ത്ര്യദിനത്തിൽ, ബഹ്റൈനിലെ മോട്ടോർസൈക്കിൾ പ്രേമികളുടെ സംഘമായ പ്ലഷർ റൈഡേഴ്സ് പ്രതീകാത്മക റൈഡ് നടത്തി. ദേശസ്നേഹികളായ റൈഡർമാർ പ്രവാസികളുടെ ഐക്യവും അഭിമാനവും അടിവരയിടുന്നതായിരുന്നു റൈഡ്. അതിരാവിലെ അധാരി പാർക്ക് പ്രദേശത്ത് നിന്ന് പ്ലെഷർ റൈഡേഴ്സ് തങ്ങളുടെ റൈഡ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഉയർന്നു പറക്കുന്ന ഇന്ത്യൻ ദേശീയ പതാകയുമായി ഏതാണ്ട് 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുകയും ബഹ്റൈനിലെ നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയിൽ യാത്ര അവസാനിപ്പിച്ച സംഘം എംബസിയിൽ നടന്ന ആഘോഷ ചടങ്ങിലും പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.
രക്ഷിതാക്കളും സ്റ്റാഫും അഭ്യുദയകാംക്ഷികളും പങ്കുചേർന്നു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷം ആരംഭിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ, ദേശീയ ആഘോഷങ്ങളിലൂടെ വിദ്യാർഥികളിൽ ശക്തമായ ദേശീയാഭിമാനവും കടമയും വളർത്തിയെടുക്കണമെന്നും അടുത്ത തലമുറക്ക് ശോഭനമായ ഭാവി ഉറപ്പാക്കണമെന്നും അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ സ്കൂളിന്റെ പ്രതിബദ്ധതയും ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള സമർപ്പണവും പ്രതിഫലിപ്പിക്കുന്ന പരിപാടി മികച്ച വിജയമായിരുന്നു.