ബഹ്റൈൻ-ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടും പാരീസിൽ കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള പരസ്പര പങ്കാളിത്തം നിലനിർത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും കൂടിക്കാഴ്ചക്കിടെ ഉറപ്പാക്കി. പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും മേഖലകളിലെയും ആഗോളതലത്തിലുമുള്ള വെല്ലുവിളികളിൽ ഏകോപനം വർധിപ്പിക്കാനുള്ള സന്നദ്ധത പരസ്പരം അറിയിക്കുകയും ചെയ്തു.
കൂടിക്കാഴ്ചക്കുശേഷം ബഹ്റൈൻ-ഫ്രഞ്ച് സംയുക്ത ഉന്നത സമിതിയുടെ നാലാമത്തെ സമ്മേളനം ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫയും ഫ്രഞ്ച്- യൂറോപ്പ്, വിദേശകാര്യ മന്ത്രാലയത്തിലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഡിപ്പാർട്മെന്റ് ഡയറക്ടർ റോമാരിക് റോയിഗ്നാനും ചേർന്നാണ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്.
ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ സഹകരണത്തിൽ ഇരുവരും കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനുള്ള വേദിയായും ഇത് മാറി. സുസ്ഥിരമായ സാമ്പത്തിക വികസനത്തിനും ഊർജ സംക്രമണത്തിനും പിന്തുണ നൽകുന്ന നിക്ഷേപം, വ്യാപാരം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും എടുത്തുപറഞ്ഞു.
ഈ മേഖലകളിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പൊതുതാൽപര്യവും അവർ ആവർത്തിച്ച് വ്യക്തമാക്കി. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സഹകരണത്തിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. ബഹ്റൈനിൽ ഫ്രഞ്ച് ഭാഷയുടെ ദീർഘകാല പ്രോത്സാഹനത്തെ പിന്തുണക്കുന്നതിനായി ഫ്രഞ്ച് വിദഗ്ധരെ വിന്യസിക്കുന്നതിനുള്ള സാധ്യതയെയും അവർ സ്വാഗതം ചെയ്തു.