പ്രവാസജീവിതത്തിന്റെ മനോഹര കാവ്യത്തിന് വിരാമമിട്ട് ബാലേട്ടൻ
text_fieldsമനാമ: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന്റെ മനോഹരമായ കാവ്യത്തിന് വിരാമമിട്ട് പി.കെ. ബാലൻ എന്ന പ്രിയപ്പെട്ട ബാലേട്ടൻ മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു. ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ കരുണാർദ്രമായ ഇടപെടലുകൾ കൊണ്ടും, മുഹറഖിലെ പാർട്ടി പ്രവർത്തകർക്കിടയിൽ ആദരണീയനായ സഖാവായും നിറഞ്ഞുനിന്ന അദ്ദേഹത്തിന് പ്രവാസം വെറുമൊരു ഉപജീവനമായിരുന്നില്ല; മറിച്ച് ജീവിതാനുഭവങ്ങളുടെ അമൂല്യമായൊരു ഏടായിരുന്നു. 42 വർഷത്തെ സുദീർഘമായ പ്രയാണത്തിനൊടുവിലാണ് ഈ മാസം അദ്ദേഹം പ്രവാസത്തോട് വിടപറയുന്നത്.
1984ലാണ് കോഴിക്കോട് നാദാപുരം സ്വദേശിയായ ബാലൻ ബഹ്റൈന്റെ മണ്ണിലിറങ്ങുന്നത്. നാട്ടിൽ ഒരു ചെറിയ കട നടത്തിയിരുന്ന 21 വയസ്സുകാരന്റെ കൈമുതൽ, തന്റെ ആത്മവിശ്വാസവും തൊഴിലാളി വർഗ പ്രസ്ഥാനത്തിൽ നിന്ന് ആർജ്ജിച്ച കരുത്തുമായിരുന്നു. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയുടെ മുൻരൂപമായ കെ.എസ്.വൈ.എഫിലും സജീവമായിരുന്ന അദ്ദേഹത്തിന് പ്രവാസം ഒരു സുഖവാസമായിരുന്നില്ല, മറിച്ച് കുടുംബത്തിന്റെ ജീവിതപ്രാരാബ്ധങ്ങൾ നീക്കാനുള്ള പോരാട്ടമായിരുന്നു.
വന്ന കാലം മുതലേ മുഹറഖിലാണ് താമസം. എ.സി പോലുമില്ലാത്ത മുറിയിൽ ഒരു വർഷക്കാലം കഴിച്ചു കൂട്ടി. എന്ത് ജോലിയും ചെയ്യാനുള്ള മനസ്സോടെ ബഹ്റൈനിലിറങ്ങിയ ബാലൻ അക്കാലത്ത് എത്തിപ്പെട്ടത് നിർമാണ തൊഴിൽ രംഗത്താണ്. സഹായിയായി തുടങ്ങി പിന്നീട് നിർമ്മാണ ജോലികൾ പഠിച്ചെടുത്തു. ബഹ്റൈന്റെ ആധുനിക നിർമ്മാണ വിപ്ലവത്തിന്റെ കാലമായിരുന്നു അത്. ഇന്നു കാണുന്ന പല അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമ്മാണത്തിലും ബാലേട്ടന്റെ അധ്വാനത്തിന്റെ വിയർപ്പുതുള്ളികളുണ്ട്. പ്രവാസത്തിന്റെ തുടക്കത്തിൽ നാല് വർഷം നീണ്ട ഇടവേളയില്ലാത്ത ജോലിക്ക് ശേഷമാണ് അദ്ദേഹം ആദ്യമായി നാട്ടിലേക്ക് പോയത്. പിന്നീട് വിവാഹം കഴിഞ്ഞ് വീണ്ടും തിരികെ വന്നു.
1990കൾക്ക് ശേഷമാണ് ബഹ്റൈൻ പ്രതിഭയിൽ അദ്ദേഹം അംഗമാകുന്നത്. സി.വി. നാരായണനെപ്പോലുള്ള നേതാക്കളുടെ പ്രസംഗങ്ങളും ആശയങ്ങളും ബാലേട്ടനിലെ സഖാവിന് എന്നും പ്രചോദനമായി. 22 വർഷത്തോളം മേസ്തിരി പണി തുടർന്ന അദ്ദേഹം, പിന്നീട് അബ്ദുൽ നബി കൺസ്ട്രക്ഷൻ കമ്പനിയിലൂടെ അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയിലെ മെയിന്റനൻസ് വിഭാഗത്തിൽ പെയിന്ററായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അവിടെ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.
90കളിലെ യുദ്ധവും ഓർമകളും
90കളിലെ ഗൾഫ് യുദ്ധകാലത്തെ ആശങ്കകൾ ബാലേട്ടൻ ഇന്നും വ്യക്തമായി ഓർക്കുന്നു. മൊബൈൽ ഫോണോ ഇന്ത്യൻ മാധ്യമങ്ങളോ ഇല്ലാത്ത കാലം. അറബ്-ഇംഗ്ലീഷ് പത്രങ്ങളെയും ഇടയ്ക്കുള്ള ടെലിവിഷൻ വാർത്തകളെയും ആശ്രയിച്ചായിരുന്നു അന്നത്തെ ജീവിതം. അപകട സൂചന നൽകി മുഴങ്ങുന്ന സൈറണുകളും സുരക്ഷാ മുൻകരുതലുകളും നൽകിയ ഭീതിയും പിന്നീട് സമാധാനം തിരികെ വന്നപ്പോഴുള്ള ആശ്വാസവും അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. അതുപോലെ തന്നെ 2020ലെ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരെയും രോഗബാധിതരെയും സഹായിക്കാൻ മുന്നിട്ടിറങ്ങിയതും തന്റെ പ്രവാസാനുഭവങ്ങളിലെ കയ്പ്പും മധുരവും കലർന്ന ഓർമ്മയായി അദ്ദേഹം സൂക്ഷിക്കുന്നു.
നേട്ടങ്ങൾ മാത്രം കൊയ്ത പ്രവാസിയായിരുന്നില്ല ബാലേട്ടൻ. പ്രവാസലോകത്തെ വലിയൊരു വിഭാഗത്തെപ്പോലെ പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിച്ചുതന്നെയാണ് അദ്ദേഹം മുന്നോട്ട് പോയത്. എങ്കിലും 42 വർഷം തണലേകിയ മണ്ണിനോട് വിടപറയുമ്പോൾ ചെറിയൊരു സങ്കടമുണ്ട്. എങ്കിലും ഭാര്യ ശോഭയ്ക്കും മക്കളായ ഷിബിനും ഷിൽപ്പയ്ക്കും പേരമക്കൾക്കുമൊപ്പം ഇനിയുള്ള കാലം സ്വന്തം നാട്ടിൽ ചെലവഴിക്കാമെന്ന സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങുന്നത്.


