ഇ-കീ അപ്ഡേഷനും ബാങ്ക് വിവരങ്ങളും ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ആനുകൂല്യങ്ങൾ തടസ്സപ്പെടും
text_fieldsമനാമ: ബഹ്റൈനിലെ ആയിരക്കണക്കിന് പ്രവാസി ജീവനക്കാരുടെ സർവിസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ഗുരുതരമായ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. ഇ-കീ അപ്ഡേറ്റ് ചെയ്യാത്തതും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (എസ്.ഐ.ഒ) ഓൺലൈൻ സംവിധാനത്തിൽ ബാങ്ക് വിവരങ്ങൾ ചേർക്കാത്തതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വിസ റദ്ദാക്കുന്നതിന് മുമ്പുതന്നെ ഈ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. പ്രവാസികൾക്ക് അവരുടെ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ‘അഡ്വാൻസ്ഡ് ഇ-കീ’ അനിവാര്യമാണ്. ഇതിനായി ഇ-കീ 2.0 മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യുക. അപ്ഡേറ്റ് ചെയ്യുന്ന സമയത്ത് ഒറിജിനൽ സി.പി.ആർ കൈയിൽ കരുതുക. ഫെയ്സ് വെരിഫിക്കേഷനായി കാമറ വൃത്തിയാക്കി ആപ്പിലെ നിർദേശങ്ങൾ പാലിക്കുക. സ്മാർട്ട് കാർഡ് റീഡർ പ്രിൻറൗട്ടിലെ ബ്ലോക്ക് നമ്പർ കൃത്യമായി നൽകുക. ഒ.ടി.പി ലഭിക്കുന്നതിന് സ്വന്തം ഫോൺ നമ്പർ മാത്രം ഉപയോഗിക്കുക.
2. വിസ റദ്ദാക്കി കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, അതിനു മുമ്പ് തന്നെ താഴെ പറയുന്നവ പൂർത്തിയാക്കുക.
എസ്.ഐ.ഒ പോർട്ടലിൽ (www.sio.gov.bh) ലോഗിൻ ചെയ്ത് ‘Bank Alteration’ ഓപ്ഷൻ വഴി ഐബാൻ നമ്പർ നൽകുക. ‘Suggest Support Document’ വഴി കോഡ് 69 നൽകി നിങ്ങളുടെ ഐബാൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുക. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താൻ ശ്രദ്ധിക്കുക. ഐ.സി.ഐ.സി.ഐ, അഹ്ലി, എൻ.ബി.ബി, ബി.ബി.കെ തുടങ്ങി എല്ലാ ബാങ്കുകൾക്കും ഇത് ബാധകമാണ്.
സഹായത്തിനായി കൈകോർക്കാം
ബഹ്റൈൻ ജനസംഖ്യയുടെ 53.4 ശതമാനത്തോളം വരുന്ന പ്രവാസി സമൂഹത്തിൽ പലർക്കും ഈ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിനാൽ അറിവുള്ളവർ മറ്റുള്ളവരെ സഹായിക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.വിസ റദ്ദാക്കിയ ശേഷം ആനുകൂല്യങ്ങൾക്കായി ബാങ്കുകളെയും ഓഫിസുകളെയും കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ഇന്നുതന്നെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. നിങ്ങളുടെ ഒരു ചെറിയ സഹായം മറ്റൊരു പ്രവാസിയുടെ വലിയൊരു പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കും.


