Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅജിനെ വൈബാക്കിയ...

അജിനെ വൈബാക്കിയ ‘ബെന്നി ബ്രോ’ ഇവിടെയുണ്ട്

text_fields
bookmark_border
അജിനെ വൈബാക്കിയ ‘ബെന്നി ബ്രോ’ ഇവിടെയുണ്ട്
cancel
camera_alt

അജിനും രവീന്ദ്രനും ‘വാഴ 2’ ചിത്രീകരണത്തിനിടെ 

മനാമ: ഓരോ തലമുറയ്ക്കും ഓരോ വൈബ് സമ്മാനിക്കുന്ന നടൻ രവീന്ദ്രൻ വീണ്ടും മലയാള സിനിമയിൽ ചർച്ചാവിഷയമാകുന്നു. ബോക്സ് ഓഫീസിൽ തരംഗമായി മാറിയ ‘വാഴ 2’ എന്ന ചിത്രത്തിലെ ‘ബെന്നി ബ്രോ’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരെ വീണ്ടും കൈയിലെടുത്തിരിക്കുന്നത്. നാടും വീടും വിട്ട് മണലാരണ്യത്തിലെത്തുന്ന ഓരോ പ്രവാസിക്കും തന്റെ റൂമിലുണ്ടാകുന്ന ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീകമാണ് സിനിമയിലെ ബെന്നി ബ്രോ.

പ്രവാസിയായെത്തുന്ന അജിന്റെ (സിനിമയിലെ കഥാപാത്രം) ജീവിതത്തിലേക്ക് നിറയെ ഊർജ്ജസ്വലതയുമായി എത്തുന്ന ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ രവീന്ദ്രന് അധികം പ്രയത്നിക്കേണ്ടി വന്നില്ല. കാരണം, കഴിഞ്ഞ 10 വർഷമായി അദ്ദേഹം ബഹ്‌റൈനിൽ ഒരു പ്രവാസി കൂടിയാണ്. ബെന്നി ബ്രോയുടെ വരവോടെ തിയേറ്ററിൽ കൂട്ടച്ചിരിയായിരുന്നു. ചെറിയ കുട്ടികളും കൗമാരക്കാരും കുടുംബ പ്രേക്ഷകരും ഓരോ സീനിലും നിർത്താതെ ചിരിച്ചു. അത്രയേറെ പാകമായിരുന്നു രവീന്ദ്രന് ആ വേഷവും സാഹചര്യവും.

മലയാള സിനിമയിൽ രവീന്ദ്രന്റെ ചുവടുമാറ്റങ്ങൾ എപ്പോഴും ശ്രദ്ധേയമാണ്. കരിയറിന്റെ തുടക്കകാലത്ത് ഡിസ്കോ രവീന്ദ്രൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തുടർന്ന് ‘ഇടുക്കി ഗോൾഡ്’ എന്ന ചിത്രത്തിലെ ‘മ്ലേച്ഛൻ’ എന്ന കഥാപാത്രം അക്കാലത്തെ യുവതലമുറ ഏറ്റെടുത്ത വലിയൊരു വൈബ് ആയി മാറി. പിന്നീടിങ്ങോട്ട് ‘വാഴ 2’ ഇറങ്ങുന്നത് വരെ അതങ്ങനെ തുടരുകയായിരുന്നു. ‘വാഴ 2’ വിലെ പ്രകടനം കൂടിയായപ്പോൾ ഒരേ മൂഡിലുള്ള കഥാപാത്രങ്ങളിലൂടെ മൂന്ന് വ്യത്യസ്ത തലമുറകളെ ഒരേപോലെ ആവേശത്തിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്.

യു.എ.ഇയിൽ വെച്ചായിരുന്നു വാഴ 2വിൻറെ ചിത്രീകരണം. കഥാപാത്ര കൃത്യതക്ക് പാകമായ ഒരാളെ തേടിക്കൊണ്ടിരുന്ന സംവിധായകന് രവീന്ദ്രനിലെത്താൻ കൂടുതലൊന്നും ചിന്തിക്കേണ്ടിയും വന്നില്ല. യു.എ.ഇയിലെ തന്നെയുള്ള പ്രവാസി സുഹൃത്തുക്കളാണ് ആ രംഗത്ത് സഹതാമസക്കാരായി അഭിനയിച്ച പലരും. 140ലധികം സിനിമകളിൽ വേഷമിട്ട രവീന്ദ്രൻ, തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും അഭിനയത്തോടുള്ള അഭിനിവേശം കാത്തുസൂക്ഷിക്കുന്നുണ്ട്. നിലവിൽ ബഹ്‌റൈനിൽ സിനിമാ വർക്ക്ഷോപ്പുകൾ നടത്തിവരികയാണ് അദ്ദേഹം. വരാനിരിക്കുന്ന പുതിയ ചിത്രങ്ങളുടെ തിരക്കിലും തന്റെ പാഷൻ അദ്ദേഹം മുറുകെ പിടിക്കുകയാണ്. ഓരോ തലമുറയിലും വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ട രവീന്ദ്രൻ ഇനി പുതുതലമുറക്കിടയിൽ 'ബെന്നി ബ്രോ' എന്നാവും അറിയപ്പെടുക.

Show Full Article
TAGS:gulfnews gulfnewsmalayalam Bahrain 
News Summary - 'Benny Bro', who beat Ajin, is here
Next Story