ബി.കെ.എസ് കേരളോത്സവം; കലാശ്രീ കിരീടമണിഞ്ഞ് ശ്രീജിത്ത് ഫറോക്ക്
text_fieldsശ്രീജിത്ത് ഫറോക്ക് കേരളോത്സവത്തിൽ നേടിയ സമ്മാനങ്ങളുമായി
മനാമ: ബഹ്റൈൻ കേരളീയ സമാജം നടത്തിയ കേരളോത്സവത്തിൽ വീണ്ടും കലാശ്രീ പട്ടം കരസ്ഥമാക്കി ബഹ്റൈൻ മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ ശ്രീജിത്ത് ഫറോക്ക്. ബഹ്റൈനിൽ എൻജിനീയറായി ജോലി ചെയ്യുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ ശ്രീജിത്ത് ബഹ്റൈനിലെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.
കോഴിക്കോട് ചെറുവണ്ണൂർ ഗവ. സ്കൂളിലും ഫറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂളിലും പഠിക്കുന്ന സമയത്ത് സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ശ്രീജിത്ത് ജില്ല യുവജനോത്സവങ്ങളിലെ കലാപ്രതിഭ കൂടിയായിരുന്നു. കോഴിക്കോട് വള്ളിക്കുന്ന് അരിയല്ലൂർ എം.വി.എച്ച്.എസ് സ്കൂളിലെ സംഗീത അധ്യാപകനും കോഴിക്കോട് ഓൾ ഇന്ത്യ റേഡിയോയിലെ എ.ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്ന ചാമി മാസ്റ്ററുടേയും കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂൾ പ്രധാനാധ്യാപികയായിരുന്ന ഭവാനിയുടേയും മകനാണ് ശ്രീജിത്ത്.
ആദ്യ ഗുരു കലാകാരൻ കൂടിയായ അച്ഛൻ തന്നെയാണ്. പതിനൊന്നുവർഷത്തോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ച ശ്രീജിത്ത് നല്ലൊരു ഗായകൻ കൂടിയാണ്. ലളിതഗാനം, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, മാപ്പിളപ്പാട്ട് തുടങ്ങി സംഗീതത്തിലെ എല്ലാ മേഖലകളിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ഗ്രൂപ് ഡാൻസ്, ഒപ്പന എന്നിങ്ങനെ നൃത്തരംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന മിക്കവാറും പരിപാടികളിൽ മുൻനിരയിൽ തന്നെ ശ്രീജിത്ത് ഉണ്ടാകാറുണ്ട്.
2014 ൽ സമാജം ആദ്യമായി നടത്തിയ കേരളോത്സവത്തിലും ശ്രീജിത്ത് ആയിരുന്നു കലാപ്രതിഭ. നീണ്ട പത്തുവർഷത്തെ ഇടവേളക്കുശേഷം സമാജം ഇപ്പോൾ നടത്തിയ കേരളോത്സവത്തിലും കലാശ്രീ കിരീടമണിഞ്ഞ് ഒന്നാം സ്ഥാനത്ത് എത്താൻ ഭാഗ്യമുണ്ടായതും ശ്രീജിത്തിന് തന്നെയാണ്. പാചക കലയും ഏറെ ഇഷ്ടപ്പെടുന്ന ശ്രീജിത്ത് ‘ഗൾഫ് മാധ്യമം’ ബഹ്റൈനിൽ നടത്തിയ, ഷെഫ് പിള്ള നേതൃത്വം നൽകിയ വാശിയേറിയ പാചക മത്സരത്തിൽ പങ്കെടുത്ത് അവസാന റൗണ്ടിൽ കടന്നിരുന്നു. കലാ കുടുംബമാണ് ശ്രീജിത്തിന്റേത്.
ബഹ്റൈനിലെ അൽ ഹിലാൽ ആശുപത്രിയിൽ ബയോകെമിസ്റ്റ് ആയി ജോലി ചെയ്യുന്ന ഭാര്യ അശ്വതിയും ബി.കെ.എസ് കേരളോത്സവത്തിൽ അറബിക് ഡാൻസിലും മോണോ ആക്ടിലും പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയിരുന്നു. ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ ഏക മകൻ അദ്വിക് കൃഷ്ണ ബി.കെ.എസ്, കെ.സി.എ, എൻ.എസ്.എസ് എന്നിവ നടത്തിയ ബാലകലോത്സവങ്ങളിൽ ബാല പ്രതിഭയായിരുന്നു. കലാകാരന്മാർക്ക് പ്രതിഭ തെളിയിക്കാൻ ഏറ്റവും മികച്ച അവസരങ്ങളുള്ള സ്ഥലമാണ് ബഹ്റൈൻ എന്ന് കഴിഞ്ഞ പതിനൊന്നുവർഷമായി ബഹ്റൈൻ പ്രവാസിയായ ശ്രീജിത്ത് പറയുന്നു.