അക്ഷരങ്ങൾക്ക് ദൃശ്യമൊരുക്കുന്ന വിസ്മയം
text_fieldsഫമീന ശഫീർ
അക്ഷരങ്ങൾ കൊണ്ട് നീട്ടിയും കുറുക്കിയും വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിക്കാനും ഒരു വാക്കിനുള്ളിൽ വിവിധാർഥങ്ങൾ ഒളിപ്പിക്കാനും കഴിയുന്ന കലാവിരുതാണ് കാലിഗ്രഫി. അമൂല്യമായ കൈവഴക്കത്തിന്റെ പ്രതിഫലനങ്ങളെന്നോണം വാക്കായും വരയായും ചാഞ്ഞും ചരിഞ്ഞും അക്ഷരങ്ങൾക്ക് ദൃശ്യമൊരുക്കുന്ന അപൂർവത. ആ വിസ്മയങ്ങളെ നിറമഷികളാൽ എഴുതിത്തെളിയിച്ച കലാകാരിയാണ് തൃശൂർ സ്വദേശിനി ഫമീന ശഫീർ. കഴിഞ്ഞ 18 വർഷമായി ഫമീന ബഹ്റൈനിലുണ്ട്. പഠിച്ചതും വളർന്നതും ഇവിടെതന്നെ. ചെറുപ്രായത്തിൽ തന്നെ ചിത്ര കലാവിരുതിൽ കഴിവ് തെളിയിച്ച ഫമീന കാലിഗ്രഫി രംഗത്തേക്ക് വരുന്നത് 2019 മുതലാണ്.
ആ വർഷം തന്നെ തന്റെ ആദ്യത്തെ ലൈവ് കാലിഗ്രഫി ഇവന്റിൽ പങ്കെടുക്കാനുമായി. കോവിഡിന്റെ അടച്ചിടലുകളെ തന്റെ കഴിവിനെ മിനുക്കിയെടുക്കാൻ ഫമീന ഉപയോഗിച്ചു. അന്ന് മുതൽ ചെറിയ രീതിയിൽ വരച്ചു തുടങ്ങിയെങ്കിലും അധികമൊന്നും ഗൗനിച്ചിരുന്നില്ല. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി താൻ വരച്ചതെല്ലാം പ്രചരിപ്പിച്ചു തുടങ്ങിയശേഷമാണ് ജനശ്രദ്ധയാകർഷിച്ചു തുടങ്ങിയത്. അങ്ങനെയിരിക്കെയാണ് 2021ൽ ഒരു സ്വകാര്യ കമ്പനിയുടെ നിർദേശ പ്രകാരം രാജകുടുംബാംഗങ്ങൾക്ക് നാഷനൽ ഡേ ആശംസകൾ വരച്ചുനൽകാനുള്ള അഭ്യർഥന വരുന്നത്.
എഴുതിയൊരുക്കുമ്പോൾ രാജകുടുംബാംഗങ്ങൾക്കുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല, ആ സംഭവത്തെ തന്റെ കരിയറിലെ ഒരു നാഴികക്കല്ലായാണ് ഫമീന ഇന്നും ഓർക്കുന്നത്. അതിനുശേഷമാണ് കാലിഗ്രഫികൾക്ക് കൂടുതൽ സ്വാധീനം വന്നുതുടങ്ങിയത്. 2022ഓടെ കൂടുതൽ സജീവമായി തുടങ്ങി. പിന്നീട് നിരവധി അന്വേഷണങ്ങളും വർക്കുകളും അവരെ തേടിയെത്തിക്കൊണ്ടിരുന്നു. ഇന്ന് ബഹ്റൈനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും പ്രമുഖ ബ്രാൻഡുകൾക്കായി ഫ്രീലാൻസായി പ്രവർത്തിക്കുകയാണ് ഫമീന.
ഏകദേശം 60 ഓളം ബ്രാൻഡുകളോടൊപ്പവും 100ഓളം ഇവന്റുകളിൽ ലൈവായും ഇതിനോടകം പ്രവർത്തിച്ചു. ഫെൻഡി, ബി.എം.ഡബ്ല്യു, കാർട്ടിയർ, ജിമ്മിച്ചൂ, ക്രീഡ്, കിലിയൻ, സെഫോറ തുടങ്ങിയവ ഒരുമിച്ചു പ്രവർത്തിച്ച ബ്രാൻഡുകളിൽ ചിലതാണ്. പേപ്പർ, കാൻവാസ് എന്നിവക്ക് പുറമേ ബാഗ്, പെർഫ്യൂം, വാലറ്റ്, ഷൂ എന്നിവയിലെല്ലാം ഫമീനയുടെ കാലിഗ്രഫി പതിയാറുണ്ട്. അതും ഭാഷകളുടെ സൗന്ദര്യത്തനിമ ഒട്ടും ചോരാതെതന്നെ.
ബിസിനസുകാരനായ പിതാവിന്റെയും മാതാവിന്റയും കൂടെ ചെറുപ്രായത്തിൽ ബഹ്റൈനിലെത്തിയതാണ് ഫമീന. ഇബ്നു ഹൈതം സ്കൂളിലെ പ്രാഥമിക പഠനങ്ങൾക്കുശേഷവും ഇവിടെത്തന്നെ തുടരുകയായിരുന്നു. നിലവിൽ ബഹ്റൈനിലെ സ്വകാര്യ കമ്പനിയിലെ ഐ.ടി മാനേജറായ ഭർത്താവ് ശഫീറിന്റെയും രണ്ട് കുട്ടികളുടെയുമൊപ്പമാണ് താമസം. ഫമീന ചെയ്ത കൂടുതൽ കാലിഗ്രഫി വർക്കുകൾ കാണാൻ അവരുടെ ഇൻസ്റ്റഗ്രാം ഐ.ഡി സന്ദർശിക്കാവുന്നതാണ് https://www.instagram.com/fsinscape?igsh=NDA5OXkzMmNsa3h0.