ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി തട്ടിപ്പ്; ഇരകൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകി
text_fieldsമനാമ: വിവിധ സ്ഥാപനങ്ങളുമായി വൻ തുകയുടെ വ്യാപാരം നടത്തിയശേഷം ചെക്ക് നൽകി മലയാളി മുങ്ങിയ സംഭവത്തിൽ വിവിധ കമ്പനി പ്രതിനിധികൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. വെള്ളിയാഴ്ച നടന്ന ഓപൺ ഹൗസിലാണ് അംബാസഡറെ നേരിട്ടുകണ്ട് തട്ടിപ്പിനിരയായവർ പരാതി നൽകിയത്.
അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി കബളിപ്പിച്ചശേഷമാണ് തിരുവനന്തപുരം സ്വദേശി മുങ്ങിയത്. തട്ടിപ്പിനിരയായവർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അമ്പതോളം പേരാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയിട്ടുള്ളത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് വൻ തട്ടിപ്പ് നടത്തിയതെന്ന് ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന നിലയിൽ ലൈസൻസുള്ള സ്ഥാപനം ഒരു വർഷം മുമ്പാണ് സീഫ് ഏരിയയിൽ പ്രവർത്തനം തുടങ്ങിയത്. ആഡംബര ഓഫിസ് അടക്കം എടുത്തശേഷം ട്രാവൽ ഏജൻസികൾ, കൺസ്ട്രക്ഷൻ സാധനങ്ങളും ഉപകരണങ്ങളും ഹെവി വെഹിക്ൾ പാർട്സും വിൽക്കുന്ന കമ്പനികൾ, ഹോട്ടലുകൾ, ഫുഡ്, ഗ്രോസറി, ചിക്കൻ തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ അടക്കമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിടുകയായിരുന്നു.
വ്യാപാര ബന്ധം സ്ഥാപിച്ച ശേഷം ചെക്ക് നൽകുകയും കൃത്യമായി പാസാക്കി വിശ്വാസ്യത നേടിയെടുക്കുകയുമായിരുന്നു രീതി. തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിയോടൊപ്പം അഞ്ച് പ്രവാസികളും പങ്കാളികളായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
53 വയസ്സുള്ള ഇന്ത്യക്കാരൻ, 36 വയസ്സുള്ള പാകിസ്താനി, 32 വയസ്സുള്ള ഇന്ത്യൻ സ്ത്രീ, 46കാരനായ ഇന്ത്യക്കാരൻ, 25 വയസ്സുള്ള ഇന്ത്യൻ സ്ത്രീ എന്നിവർ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലുണ്ടായിരുന്നു. ഇവരാണ് ഇടപാടുകാരുമായി സംസാരിച്ചിരുന്നത്. സ്ഥാപനം അടച്ചുപൂട്ടി ഇവരെല്ലാവരും ഒരുമിച്ച് മുങ്ങുകയായിരുന്നു. സജീവമായിരുന്ന കമ്പനിയുടെ വെബ്സൈറ്റിന്റെ പ്രവർത്തനവും ഇവർ മുങ്ങിയതോടെ നിലച്ചിരുന്നു.