'ദിവാലി ഉത്സവ് 2025' ഒക്ടോബർ 10ന് ഗൾഫ് എയർ ക്ലബിൽ
text_fields'ദിവാലി ഉത്സവ് 2025' ന്റെ ഭാഗമായി നടന്ന
വാർത്തസമ്മേളനത്തിൽ നിന്ന്
മനാമ: കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസസ് 'ദിവാലി ഉത്സവ് 2025' എന്ന പേരിൽ ദീപാവലി ആഘോഷിക്കുന്നു. ഒക്ടോബർ 10ന് സൽമാബാദിലെ ഗൾഫ് എയർ ക്ലബിലാണ് ഈ വർണാഭമായ ആഘോഷം നടക്കുക.
രംഗോലി മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്നത്. രാവിലെ ഒമ്പത് മുതൽ 12 വരെയാണ് രംഗോലി മത്സരം. തുടർന്ന് വൈകീട്ട് അഞ്ച് മുതൽ 10 വരെ ഇന്ത്യൻ പ്രവാസി സമൂഹങ്ങളുടെ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
ഡിജെ നിർമലിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഡാൻഡിയ നൈറ്റ്' പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
വൈകീട്ട് നടക്കുന്ന പൊതുപരിപാടി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. വിവിധ സാംസ്കാരിക പരിപാടികളിലൂടെ ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന ബഹ്റൈൻ ഭരണാധികാരികൾക്ക് ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട നന്ദി അറിയിച്ചു.
പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ഭഗവാൻ അസർപോട്ടയ്ക്ക് പുറമെ എക്സിക്യൂട്ടിവ് അംഗങ്ങളായ മാധുരി ദേവ്ജി, സോണിയ ശ്രീകുമാർ, രാം ചന്ദ്രശേഖർ, കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായർ എന്നിവർ പങ്കെടുത്തു. പരിപാടിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.