മാങ്കോസ്റ്റിൻ തണലിലെ സുൽത്താൻ; ഒരിക്കലും മായാത്ത ഓർമച്ചിത്രങ്ങൾ
text_fieldsവൈക്കം മുഹമ്മദ് ബഷീറിനൊപ്പം ലേഖകൻ (ഫയൽ ചിത്രം)
കുട്ടിക്കാലത്തിന്റെ വായനാവസന്തങ്ങളിലേക്ക് 'മലർവാടി' മാസിക കടന്നുവരുന്ന ഒരു കാലമുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ "ആനവാരിയും പൊൻകുരിശും" അച്ചടിച്ചു വരുന്ന നാളുകൾ. മലർവാടിയുടെ പുതിയ ലക്കത്തിനായി അക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു അക്കാലം. മാസികയെത്തുന്ന ദിവസങ്ങളിൽ പോസ്റ്റ്മാൻ വീട്ടുമുറ്റത്തേക്ക് സൈക്കിൾ ചവിട്ടി വരുന്നതുവരെ കാത്തുനിൽക്കാൻ മനസ്സനുവദിക്കില്ല. നേരെ പോസ്റ്റ് ഓഫീസിലേക്ക് ഒരൊറ്റ ഓട്ടമാണ്. വീട്ടിൽ സഹോദരിയും അനിയനും കാത്തിരിക്കുന്നുണ്ടാകും; അവരേക്കാൾ മുമ്പേ സുൽത്താന്റെ കഥാലോകത്തിലേക്ക് വായനയോടെ പടർന്നുകയറാനുള്ള അടക്കാനാകാത്ത കൊതിയായിരുന്നു ആ തിടുക്കത്തിന് പിന്നിൽ.
ബാല്യത്തിൽ നേരിൽ കാണാൻ വളരെയധികം ആഗ്രഹിക്കുകയും മനസ്സിൽ ആരാധനയോടെ പ്രതിഷ്ഠിക്കുകയും ചെയ്ത രണ്ട് വ്യക്തിത്വങ്ങളായിരുന്നു ബേപ്പൂർ സുൽത്താനും, മറ്റൊന്ന് സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടും. രണ്ടു പേരെയും നേരിൽ കാണാൻ ഭാഗ്യമുണ്ടായി. ബഷീറിനെ പല പ്രാവശ്യം നേരിൽ കാണാനും ആ അരികിലിരുന്ന് സംസാരിക്കാനുമുള്ള അനർഘമായ ഭാഗ്യം പിൽക്കാലത്ത് എന്നെ തേടിയെത്തി.
കോഴിക്കോട് ബേപ്പൂരിലെ 'വൈലാലിൽ' വീട് എനിക്ക് കേവലമൊരു സന്ദർശനസ്ഥലമായിരുന്നില്ല; അതൊരു തീർത്ഥാടന കേന്ദ്രം പോലെയായിരുന്നു. പിന്നീട് പലപ്പോഴായി ബേപ്പൂരിലേക്ക് നടത്തിയ യാത്രകൾ ആ സൗഹൃദത്തെ കൂടുതൽ ആഴമുള്ളതാക്കി. വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരത്തിൻ്റെ തണലിലും, ഇറയത്തെ തിണ്ണയിലുമിരുന്ന് കഥ പറയുന്ന ബഷീർ. വെള്ള ജുബ്ബയണിഞ്ഞ്, ആരെയും വശീകരിക്കുന്ന ആ ചിരിയോടെ നടന്നുപോകുന്ന സുൽത്താൻ... ആ കാഴ്ചകളെല്ലാം ഇന്നും മനസ്സിൽ അത്രമേൽ ജീവസ്സുറ്റതായി നിൽക്കുന്നു. വയലാലിൽ വീട്ടിലെ ഫാബി ബഷീറും ഷാഹിനയും അനീസുമെല്ലാം പ്രിയപ്പെട്ടവരായി മാറി.
1994 ജൂലൈ അഞ്ചിന്റെ ഓർമ്മകൾക്ക് കോരിച്ചൊരിയുന്ന മഴയുടെ നനവുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാനായിരുന്നു അന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. സുൽത്താന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുമ്പോൾ, കോഴിക്കോട് നഗരത്തിലെ കടകളിൽ തൂക്കിയിട്ടിരുന്ന സായാഹ്ന പത്രങ്ങളിലെല്ലാം ബഷീർ നിറഞ്ഞു നിൽക്കുന്ന കാഴ്ച നോവോടെയാണ് കണ്ടത്.
പിന്നീട് പ്രവാസ ലോകത്തേക്ക് ചേക്കേറുന്നത് വരെ, ഓരോ ജൂലൈ 5-നും ബഷീറിൻ്റെ ഓർമ്മ ദിനങ്ങളിൽ പങ്കെടുക്കാൻ ഞാൻ വൈലാലിൽ വീട്ടിലേക്ക് എത്തുമായിരുന്നു. ആ പതിവ് തെറ്റിയിട്ടില്ലായിരുന്നു. വീണ്ടുമൊരു ജൂലൈ അഞ്ച് അരികിലെത്തുമ്പോൾ സുൽത്താനെ ആദ്യമായി കണ്ട അവിസ്മരണീയമായ ആ നിമിഷം ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയാണ്; മാങ്കോസ്റ്റിൻ പൂക്കളുടെ സുഗന്ധത്തോടെ...


