Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. പി. വി. ചെറിയാൻ:...

ഡോ. പി. വി. ചെറിയാൻ: മഹാനായ വൈദ്യനും ജനഹൃദയങ്ങളിൽ ജീവിക്കുന്ന സാമൂഹിക പ്രവർത്തകനും

text_fields
bookmark_border
ഡോ. പി. വി. ചെറിയാൻ: മഹാനായ വൈദ്യനും ജനഹൃദയങ്ങളിൽ ജീവിക്കുന്ന സാമൂഹിക പ്രവർത്തകനും
cancel

ഡോ. പി. വി. ചെറിയാന്റെ വിയോഗവാർത്ത എന്നെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. 1980 മുതൽ നാല് പതിറ്റാണ്ടിലേറെയായി അദ്ദേഹവുമായി എനിക്ക് ആത്മബന്ധമുള്ള സൗഹൃദമുണ്ടായിരുന്നു. അത് ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല; വിശ്വാസത്തിന്റെയും ആത്മാർത്ഥ സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അപൂർവമായൊരു ബന്ധമായിരുന്നു.

എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ജീവിതത്തിലെ നിരവധി നിർണായക ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ ചികിത്സാ സഹായങ്ങളും സ്നേഹപൂർവമായ പിന്തുണയും ഒരിക്കലും മറക്കാനാവില്ല. രോഗിയുടെ സാമ്പത്തികമോ സാമൂഹികമോ ആയ നിലയല്ല, അവരുടെ വേദനയും ആവശ്യവുമായിരുന്നു അദ്ദേഹത്തിന് പ്രധാനം. അദ്ദേഹത്തിന് മുന്നിൽ പണക്കാരനോ പാവപ്പെട്ടവനോ, ഉന്നതനോ സാധാരണക്കാരനോ എന്ന വ്യത്യാസമുണ്ടായിരുന്നില്ല. എല്ലാവരോടും ഒരേ കരുതലും ആദരവും മാനവികതയും പുലർത്തിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഒരു വൈദ്യൻ എന്നതിലുപരി, സമൂഹത്തെ നെഞ്ചേറ്റിയ സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആരോഗ്യ ബോധവത്കരണ പദ്ധതികൾക്കും നേതൃത്വം നൽകിയ അദ്ദേഹം വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ സംഘടനകളുടെ നേതൃത്വനിരയിൽ പ്രവർത്തിച്ച് പൊതുജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

സർക്കാർ സംവിധാനങ്ങളിലും ഉന്നത ഉദ്യോഗസ്ഥർക്കിടയിലും അദ്ദേഹത്തിന് വലിയ സ്വാധീനവും ആദരവുമുണ്ടായിരുന്നു. എന്നാൽ ആ സ്വാധീനം ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിച്ചില്ല. അർഹരായ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ. അതുകൊണ്ടുതന്നെ രാഷ്ട്രീയ, മത, സാമൂഹിക ഭേദമന്യേ എല്ലാവരുടെയും ആദരവും സ്നേഹവും അദ്ദേഹം നേടിയിരുന്നു. എളിമ, വിനയം, കരുണ, ആത്മാർഥമായ സേവനമനോഭാവം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രകൾ. അദ്ദേഹത്തെ സമീപിക്കുന്നവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാൻ അദ്ദേഹത്തിന്റെ ഒരു പുഞ്ചിരിയും ഏതാനും വാക്കുകളും മതിയായിരുന്നു. അനേകം മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം തെളിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഡോ. പി. വി. ചെറിയാന്റെ വേർപാട് ഒരു കുടുംബത്തിന്റെയോ ഏതാനും സുഹൃത്തുക്കളുടെയോ മാത്രം നഷ്ടമല്ല; സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ സേവനങ്ങളും മാനവികതയും കരുണയും എന്നും ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കും. പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. സർവശക്തനായ ദൈവം അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഈ വിയോഗദുഃഖം താങ്ങാനുള്ള ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Show Full Article
TAGS:Dr. P.V. Cherian malayali doctor Bahrain 
News Summary - Dr. P. V. Cherian – A great physician and a social worker who lives in the hearts of the people
Next Story