ഡ്രൈവർമാർ ക്ഷമയോടെ വാഹനമോടിക്കണം; പ്രകോപനപരമായ പെരുമാറ്റങ്ങളും ദേഷ്യവും നിയന്ത്രിക്കാൻ നിർദേശം
text_fieldsമനാമ: ബഹ്റൈൻ റോഡുകളിൽ വാഹനമോടിക്കുന്നവർ പ്രകോപനപരമായ പെരുമാറ്റങ്ങളും ദേഷ്യവും നിയന്ത്രിക്കണമെന്ന് നിർദേശം. ക്ഷമയോടെ സമാധാനപരമായി വാഹനമോടിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അപകടമുണ്ടാകുമ്പോഴോ മറ്റോ ക്ഷമയില്ലാതെ ഡ്രൈവർമാർ പെരുമാറുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
അടുത്തിടെ വാക്കേറ്റത്തെതുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ബഹ്റൈൻ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ശാന്തരായിരിക്കണമെന്നും സംഘർഷങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കിയത്. റോഡ് തർക്കങ്ങൾക്ക് സാധാരണ കാരണമാകാറുള്ളത് വാഹനമോടിക്കുമ്പോഴുണ്ടാകുന്ന തടസ്സങ്ങളെ സംബന്ധിച്ച തർക്കങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതോ വേഗത കുറക്കുന്നതോ, ഇൻഡിക്കേറ്റർ ഇടാതെ തിരിയുന്നതോ ഒക്കെ ഡ്രൈവർമാരെ പ്രകോപിപ്പിക്കാറുണ്ട്. ഏത് സാഹചര്യത്തിലും വികാരങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. ബഹാർ ഓർമിപ്പിച്ചു. അടുത്തിടെ നടന്ന ഒരു സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഒരു നിമിഷത്തെ ദേഷ്യത്തിൽ രണ്ട് യുവാക്കൾ ചെയ്ത പ്രവൃത്തി അവരുടെ ഭാവിക്ക് തന്നെ തിരിച്ചടിയായി.
18 വയസ്സുകാരായ ഇവർ തമ്മിൽ റോഡിൽ വെച്ച് ചെറിയൊരു തർക്കം ഉണ്ടായി. ഇത് പിന്നീട് വലിയ ദേഷ്യത്തിലേക്ക് വഴിമാറുകയും ഒരാൾ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മറ്റേയാൾ അയാളെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
അതേസമയം, കുറ്റവാളിയായ യുവാവിന് തടവ് ശിക്ഷ ലഭിച്ചു. ഈ സംഭവത്തോടെ അയാളുടെ വിദ്യാഭ്യാസം മുടങ്ങുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. അതേസമയം, പരിക്കേറ്റയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാകണമെന്നും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ അവരെ പഠിപ്പിക്കണമെന്നും ഡോ. ബഹാർ അഭ്യർഥിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനോ മറ്റൊരാളുമായി തർക്കിക്കാനോ പാടില്ലെന്ന് കുട്ടികളെ പഠിപ്പിക്കണം.
ഒരു നിമിഷത്തെ ദേഷ്യം വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഒരു അപകടമുണ്ടായാൽ പോലും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. എന്തെങ്കിലും പ്രശ്നമുണ്ടായാൽ 999ൽ വിളിച്ച് പൊലീസിനെ അറിയിക്കുക, അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.