ശമ്പളം തരാതെ തൊഴിലുടമ ഭീഷണിപ്പെടുത്തിയാൽ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
ഞാൻ ഒരു റസ്റ്റാറന്റിൽ ജോലി ചെയ്യുകയായിരുന്നു. ഡ്യൂട്ടി സമയത്ത് ഒരു ചാക്ക് പിടിച്ചുവെക്കുന്നതിനിടെ അത് പൊട്ടിയ കാരണം പറഞ്ഞ് തൊഴിലുടമ എന്നെ പറഞ്ഞുവിട്ടു. ഒരു മാസമേ ഞാൻ അവിടെ ജോലി ചെയ്തുള്ളു. എന്റെ വിസ കാന്റീൻ ഹെൽപർ എന്നതാണ്. വേറൊരു ഷോപ്പിൽ ജോലി ചെയ്യാൻ ശ്രമിക്കുകയാണ് ഇപ്പോൾ. വിസ മാറാൻ രണ്ടാഴ്ച എടുക്കും. പക്ഷേ, എന്റെ പാസ്പോർട്ട് പഴയ തൊഴിലുടമയുടെ കൈയിലാണ്. ശമ്പളം 300 ദീനാർ കിട്ടാനുണ്ട്. വിസ മാറുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ അയാൾ ഭീഷണിപ്പെടുത്തുകയാണ്. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്- റിയാസ്
താങ്കൾ ഉടൻതന്നെ എൽ.എം. ആർ.എയുടെ സെഹലയിലെ ഓഫിസിൽ പരാതി നൽകണം. എൽ.എം.ആർ.എ അധികൃതർ ഇതിനുള്ള പരിഹാരം പറഞ്ഞു തരും. എൽ.എം.ആർ.എയിൽ പോകുമ്പോൾ സി.പി.ആർ, പാസ്പോർട്ടിന്റെ കോപ്പി, തൊഴിൽ കരാർ, തൊഴിലുടമയുടെ സി.ആറിന്റെ കോപ്പി എന്നിവ കൊണ്ടുപോകണം. പരാതി അറബി ഭാഷയിൽ എഴുതിക്കൊണ്ടു പോയാൽ നല്ലതാണ്. അല്ലെങ്കിൽ പരാതി അവിടെ പറഞ്ഞാലും മതി.
ഇവിടത്തെ നിയമപ്രകാരം അവരവരുടെ പാസ്പോർട്ട് അവരവർ തന്നെയാണ് സൂക്ഷിക്കേണ്ടത്. അഥവാ തൊഴിലുടമയുടെ കൈയിൽ എന്തെങ്കിലും കാര്യത്തിന് പാസ്പോർട്ട് നൽകുകയാണെങ്കിൽ, അങ്ങനെ നൽകി എന്നതിന്റെ രേഖ തൊഴിലുടമയുടെ കൈയിൽനിന്ന് വാങ്ങണം.
പുതിയ ജോലിക്ക് പോകുന്നത് പുതിയ തൊഴിലുടമ, താങ്കൾക്ക് തൊഴിൽ വിസ എടുത്തശേഷം മാത്രം മതി. അതുപോലെ ഒരു തൊഴിലുടമയുടെ കൂടെ കുറഞ്ഞത് ഒരു വർഷം ജോലി ചെയ്താൽ മാത്രമേ മൊബിലിറ്റി പ്രകാരം ജോലി മാറാൻ സാധിക്കുകയുള്ളു.
അല്ലെങ്കിൽ നിലവിലുള്ള തൊഴിലുടമ നോ ഒബ്ജക്ഷൻ ഓൺലൈൻ മുഖേനയോ രേഖാമൂലമോ നൽകണം. ഇതിനെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ എൽ.എം.ആർ.എയിൽനിന്ന് ലഭിക്കും.