വിട്ടൊഴിയാതെ ദുരിതം; ചേർത്തു നിർത്താം വസന്തയെ
text_fieldsവസന്ത
മനാമ: സ്വന്തം നാടും വീടും വിട്ട് പ്രവാസത്തെ പുൽകുന്ന ചില മനുഷ്യർക്ക് ജീവതം വെറും സ്വപ്നങ്ങൾ മാത്രമാണ്. ഒന്നോർത്താൽ മനസ്സറിഞ്ഞ് ചിരിക്കാൻ പോലും ആ കൂട്ടർക്ക് പ്രവാസം സന്തോഷമുള്ള ഒന്നും നൽകിയിട്ടുണ്ടാകില്ല. ഒന്നിന് പിറകെ ഒന്നായി വരുന്ന വിധി പോലും വെറുതെ വിടാത്ത മനുഷ്യർ കണ്ണീർ കാഴ്ചകളാണ്. 12 വർഷം മുമ്പ് കുടുംബത്തിന് അത്താണിയാകാൻ കടൽ കടന്നെത്തിയതാണ് കൊല്ലം പുനലൂരുകാരിയായ വസന്ത.
അപ്രതീക്ഷിതമായെത്തിയ അപകടത്തെതുടർന്ന് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വിശ്രമത്തിലാണ് ഇന്ന് അവർ. കമീസിലെ വീട്ടിൽ ജോലി ചെയ്ത് തിരിച്ചു വരുന്ന വഴി കഴിഞ്ഞ നവംബറിലാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. തലക്കും ശരീരത്തിന്റെ ഇടതു വശത്തും മാരക പരിക്കേറ്റ അവർ ആശുപത്രിയിൽ ദീർഘകാലം തുടർന്നു. നിലവിൽ വാടക പോലും മുടങ്ങിയ അവസ്ഥയിൽ റാസ്റുമാനിലെ താമസ്ഥലത്ത് ദുരിതത്തിൽ കഴിയുകയാണ്.
ഭർത്താവിനെ 26 വർഷം മുമ്പ് നഷ്ടമായതാണവർക്ക്. യുവത്വ കാലത്ത് തന്നെ സാഹചര്യം അവരെ ബഹ്റൈനിലെത്തിച്ചു. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് അവർക്കുള്ളത്. മക്കളെ വളർത്തിയതും കല്യാണം കഴിപ്പിച്ചു പറഞ്ഞു വിട്ടതും അവർതന്നെ. എന്നാൽ വിധി അവിടെയും വസന്തയെയും കുടുംബത്തെയും വിടാതെ തുടർന്നു. മകന് നാട്ടിൽ സംഭവിച്ച അപകടത്തിൽ ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട് ഭാരിച്ച ജോലിക്ക് പോവാൻ കഴിയാത്ത സ്ഥിതിയാണ്. മകന്റെ ആശുപത്രി ചെലവുകളെല്ലാം വഹിച്ചിരുന്നത് വസന്തയായിരുന്നു.
അതിനിടയിലാണ് മകളുടെ ഭർത്താവിന് അർബുദം സ്ഥിരീകരിക്കുന്നത്. അവർക്കു വേണ്ടിയും വസന്ത നിരന്തരം സഹായം ചെയ്തു കൊണ്ടിരുന്നു. രണ്ടറ്റം മുട്ടിക്കാൻ പെടാപാടുപെടുന്ന സാഹചര്യത്തിലാണ് വസന്തയെ വിധി ഇവിടെയും വീഴ്ത്തിയത്. തളരാനവർ ഒരുക്കമല്ല. ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും ആരോഗ്യം വീണ്ടെടുത്താൽ തുടരുമെന്നാണ് അമ്പത് കഴിഞ്ഞ അവർ കിടപ്പിലായ അവസ്ഥയിലും ആത്മ വീര്യത്തോടെ പറയുന്നത്.
അതിനായി എത്രയും വേഗം നാട്ടിലെത്തണം, ചികിത്സ തുടരണം. അത്ര മാത്രമേ അവർക്ക് അഭ്യർഥനയുള്ളു. ബഹ്റൈനിലെ ചികിത്സക്കും മറ്റുമായി നിരവധി പണം ഇതിനകം ചിലവായിട്ടുണ്ട്. മാസം 40 ദീനാറിന്റെ അടുത്ത് മരുന്നുകൾക്ക് ചെലവ് വരുന്നു.
വാടകയിനത്തിലും അവശ്യ സാധനങ്ങൾ വാങ്ങിയ ഇനത്തിലുമായി 400 ദീനാറിലധികം ഇവിടെ ബാധ്യതയുണ്ട്. നിലവിൽ ഒരു സാമൂഹിക പ്രവർത്തക സ്വമേധയാ അവരെ ശുശ്രൂഷിക്കുന്നുണ്ട്. മകളും ഭർത്താവും നാട്ടിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. അമ്മയെ നാട്ടിലെത്തിച്ച് നൽകാനാണ് മകളുടെ അപേക്ഷ. കൂടെ നിൽക്കേണ്ടത് നമ്മളാണ്. വസന്തയെ ബന്ധപ്പെടേണ്ട നമ്പർ; 35063287. ബഹ്റൈനിലെ ബാങ്ക് വിവരങ്ങൾ; അക്കൗണ്ട് നമ്പർ 5000008737. ബെനഫിറ്റ് നമ്പർ 35063287.