സാന്ത്വനത്തിന്റെ പര്യായം നാടണയുന്നു; 27 വർഷത്തെ ബഹ്റൈൻ പ്രവാസം മതിയാക്കി രാമത്ത് ഹരിദാസൻ
text_fieldsഗുരുധർമ സേവാ പുരസ്കാരം വി.എസ്. അച്യുതാനന്ദനിൽനിന്ന് ഏറ്റുവാങ്ങിയപ്പോൾ (ഫയൽ ചിത്രം)
വീണുപോകുന്ന പ്രവാസികൾക്ക് തണലായും തുണയായും സാന്ത്വനത്തിന്റെ വെളിച്ചം നൽകിയിരുന്ന പ്രിയ മനുഷ്യൻ ബഹ്റൈൻ പ്രവാസം അവസാനിപ്പിക്കുകയാണ്. കോഴിക്കോട് വടകര സ്വദേശിയായ രാമത്ത് ഹരിദാസന് 27 വർഷത്തെ പ്രവാസം നൽകിയ ജീവിതം, മരണം വരെ ഓർക്കാനും തൃപ്തിപ്പെടാനും പാകത്തിലാണ്. അത്രയേറെ മനുഷ്യരുടെ കണ്ണീരൊപ്പാനും അവർക്കൊരു തുണയാകാനും ഹരിദാസന് ഇക്കാലയളവ് കൊണ്ട് സാധിച്ചിട്ടുണ്ട്. ഒഞ്ചിയത്തെയും പരിസരത്തെയും സജീവ പാർട്ടി പ്രവർത്തകനായി തുടരുന്നതിനിടെയാണ് പ്രവാസം സ്വീകരിക്കുന്നത്. സാമൂഹിക പ്രവർത്തനത്തിലും അപരർക്ക് സാന്ത്വനമേകുന്നതിലും മാത്രം താൽപര്യം കാണിച്ചിരുന്ന കാലത്താണ് സ്വന്തമായൊരു ഉത്തരവാദിത്തത്തിനായി വീട്ടുകാർ ബഹ്റൈനിലേക്കയക്കുന്നത്. അതും മുപ്പതുകൾക്ക് ശേഷം. 1998ൽ ബഹ്റൈനിലെത്തിയ അദ്ദേഹം ആദ്യ കുറച്ചു വർഷം ചില ജോലികളിലായി തുടർന്നു. എന്നാൽ, 2000 മുതൽ കഴിഞ്ഞ 22 വർഷത്തോളം അൽ ജിഷി കോർപറേഷൻ കൺസ്യൂമർ ഡിവിഷനിലായിരുന്നു ജോലി. പിരിഞ്ഞുപോകുന്നതും ഇതേയിടത്തിൽനിന്നാണ്. ഹരിദാസന്റെ രക്തത്തിലലിഞ്ഞ സാമൂഹിക സേവന സന്നദ്ധതയും പാർട്ടി പ്രവർത്തനവും പ്രവാസ ലോകത്തും വിട്ടുനിന്നില്ല എന്നതാണ് മറ്റൊരു ഖ്യാതി.
ഇടത് പാർട്ടി അനുകൂല സംഘടനയായ നവകേരളയുടെ സെക്രട്ടറിയായും വടകര സൗഹൃദ വേദിയുടെ പ്രസിഡന്റ്, രക്ഷാധികാരി എന്നീ നിലയിലും ഹരിദാസൻ പ്രവർത്തിച്ചിട്ടുണ്ട്. നിരാലംബരായ നിരവധി പ്രവാസികൾക്കാണ് ഇക്കാലയളവിൽ ഹരിദാസൻ തുണയായത്. ആരോരും സംരക്ഷിക്കാനില്ലാത്തവരെ സ്വന്തം ഉത്തരവാദിത്വത്തിൽ ഏറ്റെടുത്തും മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും ഹരിദാസൻ മുന്നിലുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ലഭിക്കുന്ന ഒഴിവുസമയങ്ങളെയാണ് ഹരിദാസൻ സാമൂഹിക പ്രവർത്തനത്തിനായി മാറ്റിവെച്ചിരുന്നത്. ആദ്യകാലങ്ങളിൽ സ്വന്തം ശമ്പളത്തിൽനിന്ന് സാന്ത്വനപ്രവർത്തനങ്ങൾക്ക് വക കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് അത് തികയാതെയായി.
രാമത്ത് ഹരിദാസൻ
സ്വന്തം കാര്യങ്ങൾക്ക്പോലും തുക ബാക്കി വെക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെ പാർട്ടി സഹപ്രവർത്തകരോടും മറ്റ് ബന്ധപ്പട്ടവരോടും സംഘടിപ്പിക്കുന്ന തുക ഇതിനായി ഉപയോഗിച്ചു. മനുഷ്യരുടെ കാര്യത്തിൽ എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വന്നാലും ആരും ഏറ്റെടുക്കാൻ മടിക്കുന്ന സാഹചര്യമുണ്ടായാലും ഹരിദാസന് അതൊരു പ്രശ്നമായിരുന്നില്ല.
മരണംവരെ പ്രവചിച്ചിരുന്ന പല കേസുകളും ഹരിദാസൻ ഇടപെട്ട് നാട്ടിലേക്കയച്ചിട്ടുണ്ട്. അതിനുണ്ടായ ബുദ്ധിമുട്ടുകളെ പറയുമ്പോഴും രക്ഷപ്പെടുത്താൻ കഴിഞ്ഞതിലെ സന്തോഷം നൽകുന്ന ആനന്ദക്കണ്ണീരാണ് അദ്ദേഹത്തിന്റെ കണ്ണുകളിൽ പ്രകടമായിരുന്നത്. ഈ അടയാളപ്പെടുത്തലുകൾക്ക് 2012ൽ കേരള സർക്കാർ നോർക്ക റൂട്ട്സിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് നൽകി ആദരിച്ചു. ശേഷം 2015ൽ ബഹ്റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗുരു ധർമ സേവാ പുരസ്കാരം വി.എസ്. അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങി.
ഭാര്യ ഷറിനയും മക്കളായ അശ്വിൻ ദാസും അനശ്വരയും അടങ്ങുന്നതാണ് ഹരിദാസന്റെ കുടുംബം. മകൻ ബഹ്റൈനിൽ എൻ.ഇ.സിയിൽ ജോലി ചെയ്യുകയാണ്. മകൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. സഹോദരൻ ജയരാജ് ബഹ്റൈനിലെ അമേരിക്കൻ നേവൽ ബേസിൽ ജോലി ചെയ്യുകയാണ്. രണ്ടര പതിറ്റാണ്ടത്തെ പ്രവാസത്തിന് സലാം ചൊല്ലി മടങ്ങിയ ഹരിദാസൻ ശിഷ്ടകാലം നാട്ടിലെത്തിയാലും വെറുതെയിരിക്കില്ലെന്നാണ് പറഞ്ഞുവെക്കുന്നത്. തന്നാൽ കഴിയുന്ന ജോലികൾ ചെയ്തും സാമൂഹിക പ്രവർത്തനത്തിൽ ഭാഗഭാക്കായും തുടരും.