അടച്ചിട്ടപ്പോഴും ചേർത്തുനിർത്തിയ നോമ്പുകാലം
text_fieldsപ്രവാസലോകത്ത് കഴിയുമ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തിരിതെളിച്ചാണ് ഓരോ വർഷവും വിശുദ്ധമാസം കടന്നുപോയിരുന്നത്. വിവിധ ദേശക്കാർ, ഭാഷക്കാർ, വർണ വർഗ വിവേചനമില്ലാതെ പള്ളികളിലും ഇഫ്താർ ടെന്റുകളിലുമായി നോമ്പ് തുറക്കുമ്പോൾ മാനവികതയുടെ മാഹാത്മ്യംകൂടി വിളിച്ചോതുന്ന ഇഫ്താർ സംഗമങ്ങളായി അവകൾ മാറുമായിരുന്നു. എന്നാൽ, ഏതാനും വർഷം കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് മാനവരാശി മുഴുവൻ പകച്ചുനിന്ന ആ നോമ്പുകാലം മുഴുവൻ വിശ്വാസികൾക്കും മറക്കാനാവാത്തതാണ്.
റമദാൻ കാലത്ത് ഏറെ സജീവമാകാറുള്ള പള്ളിയും പരിസരവും ഇഫ്താർ ടെൻറുകളും നിശ്ചലമായി. പരസ്പരം പുഞ്ചിരിച്ച് റമദാൻ സന്ദേശം കൈമാറി ആനന്ദം കൊണ്ടവർ മുഖം മറച്ചു നടക്കാൻ തുടങ്ങി. ഹസ്തദാനം ചെയ്ത് സൗഹൃദം പുതുക്കിയിരുന്നവർ സാമൂഹിക അകലം പാലിക്കാൻ തുടങ്ങി. ദിവസങ്ങൾകൊണ്ട് ഒരു സ്വപ്നംപോലെ എല്ലാവരെയും ഏകാന്തതയിലേക്ക് തള്ളിവിട്ടു. എല്ലായിടത്തും ഐസൊലേഷനും ക്വാറന്റീനും ഒരുക്കുന്ന തിരക്കുകൾ. സന്നദ്ധ സേവനങ്ങളിൽ കർമനിരതരായ മലയാളിയുടെ മഹിമ അറബ് നാട് ഏറെ അത്ഭുതത്തോടെ നോക്കിക്കണ്ട നിമിഷങ്ങൾ.
അന്ന് സുഹൃത്തുക്കളുമൊത്ത് ബാച്ചിലറായി ജിദാഫ്സ് ഏരിയയിലായിരുന്നു താമസം. എല്ലാവരും ഐ.സി.എഫിന്റെയും ആർ.എസ്.സിയുടെയും വളണ്ടിയർമാരായി പ്രവർത്തിക്കുന്നവരായത് കൊണ്ട് കിറ്റ് വിതരണത്തിനിടയിലോ മറ്റ് സേവനപ്രവർത്തനങ്ങൾക്കിടയിലോ ആയിരുന്നു ഇഫ്താർ സമയങ്ങൾ. ഒരു ദിവസം സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഈജിപ്ഷ്യൻ സ്വദേശിയായ സ്കൂൾ അധ്യാപകനും കുടുംബവും ഒരുപാടുപേർക്ക് കഴിക്കാവുന്ന ഭക്ഷണവുമായി വാതിലിൽ മുട്ടിവിളിക്കുന്നു. ഞങ്ങൾക്ക് നാളെ നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളെല്ലാവരുടെയും ഇന്നത്തെ നോമ്പുതുറ എന്റെ വകയാണെന്നും പറഞ്ഞ് അവ മുഴുവൻ കൈകളിൽ നൽകുകയായിരുന്നു. ആവശ്യത്തിലധികമുണ്ടെന്നറിഞ്ഞിട്ടും സ്നേഹത്തോടെ നൽകിയത് മറുത്തൊന്നും പറയാതെ നന്ദി പറഞ്ഞ് വാങ്ങിവെച്ചു.
മഗ് രിബ് ബാങ്കിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സൗദിയിൽനിന്ന് ഐ.സി.എഫ് വളണ്ടിയറുടെ സന്ദേശമെത്തുന്നത്. സൗദി യാത്രക്കാരായ നാല് മലയാളികൾ ബഹ്റൈനിൽ ഇറങ്ങിയിട്ടുണ്ടെന്നും അവർക്ക് നിങ്ങളുടെ ലൊക്കേഷൻ നൽകിയിട്ടുണ്ടെന്നും തൽക്കാലികമായി ഭക്ഷണവും താമസസൗകര്യവും ഒരുക്കണമന്നായിരുന്നു ശബ്ദസന്ദേശം.
ഭക്ഷണത്തളികക്ക് മുമ്പിൽനിന്ന് ലഭിച്ച നമ്പറിൽ കോൺടാക്ട് ചെയ്ത് അവരെ റൂമിലെത്തിച്ചപ്പോഴാണ് ഈജിപ്ഷ്യൻ കുടുംബത്തിന്റെ ഭക്ഷണം ഇവർക്ക് കൂടിയുള്ളതായിരുന്നുവെന്ന് മനസ്സിലായത്. അവിചാരിതമായി നോമ്പുതുറ സമയത്ത് കടന്നുവന്നിട്ടും എല്ലാം അടച്ചിടപ്പെട്ട സമയത്ത് സുഭിക്ഷമായി ഭക്ഷണം കഴിച്ച് എല്ലാവരും നാഥനെ സ്തുതിച്ചു. പിന്നീട് സൗദിയാത്രക്കാരുടെകൂടി ഇടത്താവളവും ആശ്വാസകേന്ദ്രവുമാവുകയായിരുന്നു അവിടം. സ്നേഹ സൗഹൃദത്തിന്റെ വിസ്മയം തീർത്തിരുന്ന ഇഫ്താർ സുപ്രകൾ മടക്കിവെച്ച് അടച്ചിട്ട മുറിക്കുള്ളിലൊതുക്കിയ കോവിഡിന്റെ ഭീകരതയിൽ കടന്നുപോയ നോമ്പുകാലം ഓരോ പ്രവാസിയും മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞ് ഇന്ന് കാണുന്നുണ്ടാവും.