മകൾ പറത്തിയ വിമാനത്തിൽ യാത്രക്കാരനായി പിതാവ്
text_fieldsശ്രുതി സതീഷ് പിതാവ് സതീഷ് മുതലയിലിനും അമ്മ ലീനക്കുമൊപ്പം
മനാമ: മകൾ പറത്തിയ വിമാനത്തിൽ യാത്രക്കാരനായി ബഹ്റൈൻ പ്രവാസി മലയാളി. ആത്മഹർഷത്തിന്റെ മനോഹാരിത കണ്ട ആ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത് കണ്ണൂർ സ്വദേശിയായ സതീഷ് മുതലയിലും പൈലറ്റായ മകൾ ശ്രുതിയുമാണ്. ഞായറാഴ്ച വൈകീട്ട് ഏഴിന് കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനായെത്തിയതായിരുന്നു സതീഷ്. എന്നാൽ അതേവിമാനം നിയന്ത്രിച്ചിരുന്നത് മകൾ ശ്രുതി സതീഷായിരുന്നുവെന്നതാണ് കൗതുകം. ‘എന്നെ ഞാനാക്കിയ എനിക്കുള്ള എല്ലാ പിന്തുണയും തന്ന എന്റെ ശക്തിയായ പപ്പയുണ്ട് ഈ വിമാനത്തിൽ’ എന്ന് പറഞ്ഞായിരുന്നു ശ്രുതി തന്റെ യാത്രക്കാരോട് ആ സന്തോഷം അറിയിച്ചത്. ആ മുഹൂർത്തത്തിന് സാക്ഷിയായ സഹയാത്രികരെല്ലാം കൈയടിച്ച് ആ മനോഹര കാഴ്ചയെ ഏറ്റെടുത്തു. സഹയാത്രികരിലൊരാൾ പകർത്തിയ അവരുടെ വിഡിയോയും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ 40 വർഷമായി ബഹ്റൈനിലെ പ്രവാസിയാണ് സതീഷ്. ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബം വളർന്നതും പഠിച്ചതും ബഹ്റൈനിലാണ്. ശ്രുതിയുടെ 12ാം ക്ലാസ് വരെയുള്ള പഠനം ഇന്ത്യൻ സ്കൂളിലായിരുന്നു. പിന്നീടാണ് ഫിലിപ്പീൻസിലെ ഡെൽറ്റ എയർ ഇൻറർനാഷനൽ ഏവിയേഷൻ അക്കാദമിയിൽ ചേർന്ന് ഏവിയേഷൻ പഠനം പൂർത്തിയാക്കിയത്. വെറുമൊരു പൈലറ്റ് മാത്രമല്ല ശ്രുതി. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ ഇന്ത്യയിലെയും ജി.സി.സിയിലെയും അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റുകൂടിയാണവർ. ലൈസൻസ് നേടുമ്പോൾ ശ്രുതിക്ക് 18 വയസ്സും മൂന്നുമാസവുമാണ് പ്രായം. പറക്കാനുള്ള മോഹം ശ്രുതി നെയ്ത് തുടങ്ങിത് ഒമ്പതാം ക്ലാസ് മുതലാണ്. ഇന്റനെറ്റിൽ നിന്ന് ഇതേക്കുറിച്ച വിവരങ്ങളെല്ലാം ശേഖരിച്ച് പഠിച്ച് ശ്രുതി വർഷങ്ങൾ കൊണ്ട് സോളോ ഫ്ലൈയിങ്ങിന് സ്വയം ഒരുങ്ങിക്കഴിഞ്ഞിരുന്നു.
ലൈസൻസ് ലഭിച്ച ശേഷം ശ്രുതി ചേർന്നത് ഇന്ത്യൻ കോസ്റ്റ് ഗാർഡിലാണെന്നതാണ് മറ്റൊരു കൗതുകം. എട്ടുവർഷത്തോളം ഡെപ്യൂട്ടി കമാൻഡറെന്ന നിലയിൽ രാജ്യത്തിനായി സേവനം ചെയ്തു. സർവിസിന് ശേഷമാണ് ഇൻഡിഗോയിലെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ശ്രുതി ഇൻഡിഗോയിലുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനം പറത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസത്തെ യാത്ര ശ്രുതിക്കും ഏറെ പ്രിയപ്പെട്ടതായിരുന്നെന്നാണ് ആ വാക്കുകൾ വ്യക്തമാക്കുന്നത്. പിതാവിനും അമ്മ ലീനക്കും സഹോദരി സ്വാതിക്കുമൊപ്പമായിരുന്നു ശ്രുതിയുടെ ബഹ്റൈൻ കാലം.
ആഗ്രഹ സഫലീകരണം എന്ന പോലെ ശ്രുതി പൈലറ്റായെങ്കിലും ആർക്കിടെക്ടായ പിതാവിന്റെ പാതയാണ് സഹോദരി സ്വീകരിച്ചത്. ഇന്ത്യൻ കോസ്റ്റ് ഗോർഡിലെ മുൻ കമാൻഡറും നിലവിൽ ഇൻഡിഗോയിലെ തന്നെ പൈലറ്റുമായ ദേവരാജാണ് ശ്രുതിയുടെ ഭർത്താവ്. ആറുവയസ്സുകാരി ആത്നിയ മകളാണ്. ഭർത്താവിന്റെ സഹോദരനും ഇൻഡിഗോയിലെ തന്നെ പൈലറ്റാണ്. സഹോദരന്റെ ഭാര്യയും ഏവിയേഷൻ പഠനം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അതായത് ഒരു സമ്പൂർണ പൈലറ്റ് കുടുംബത്തിനായുള്ള ഒരുക്കം.