ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം; അഭിമാന താരമായി ഫെല്ല മെഹക്
text_fieldsഫെല്ല മെഹക് സർട്ടിഫിക്കറ്റുമായി
മനാമ: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ബഹ്റൈൻ പ്രവാസിയായ കൊച്ചു മിടുക്കി. ബഹ്റൈൻ പ്രവാസികളായ കൊല്ലം സ്വദേശി അക്ബർ ഷായുടെയും കായംകുളം സ്വദേശിനി അഡ്വ. ഷഫ്നയുടെയും മകൾ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഫെല്ല മെഹക്ക് ആണ് ഇംഗ്ലീഷ് കവിതാ രചനയിൽ അസാധാരണ മികവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്.
ഫെല്ല മെഹക് കുടുംബത്തോടൊപ്പം
തത്സമയം കൊടുത്ത വിഷയത്തിൽ എട്ട് മിനിറ്റ് 47 സെക്കൻഡുകൊണ്ട് മൂന്നോ നാലോ വരികളുള്ള 20 കവിതകൾ ഭാവനയിൽനിന്ന് സൃഷ്ടിച്ച് ചൊല്ലിക്കൊണ്ടാണ് ഈ ഏഴുവയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് നടന്നു കയറിയത്.എൽ.കെ.ജി മുതൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഫെല്ല ക്ലേ മോഡലിങ്, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. കുഞ്ഞായിരിക്കുമ്പോൾ മുതൽ മാതാപിതാക്കൾ ഇംഗ്ലീഷ് കഥകൾ പറഞ്ഞുകൊടുക്കുകയും ഫെല്ല അതിന്റെ സന്ദേശം ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാറുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. ഈ അവധിക്കാലത്ത് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായി നടത്തിയ സമ്മർ ഡിലൈറ്റ് സീസൺ ക്യാമ്പിൽ നിന്നും മികച്ച ക്യാമ്പറായി തിരഞ്ഞെടുക്കപ്പെട്ടതും ഫെല്ല മെഹക്കാണ്. ക്യാമ്പിനെക്കുറിച്ച് ഫെല്ല എഴുതിയ അതിമനോഹരമായ കവിത എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചതിന് ക്യാമ്പിൽ വെച്ച് ഫെല്ല മെഹക്കിന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
രണ്ട് വയസ്സുകാരനായ ഐസിൻ ഹാഷ് മുഹമ്മദ് ആണ് ഫെല്ലയുടെ സഹോദരൻ. പിതാവ് അക്ബർ ഷാ പതിമൂന്ന് വർഷമായി ബഹ്റൈനിലെ പ്രമുഖ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് ഉൾപ്പെടെയുള്ള റെക്കോഡുകൾ കരസ്ഥമാക്കണമെന്നും ഭാവിയിൽ സയന്റിസ്റ്റ് ആകണമെന്നുമൊക്കെയാണ് ഫെല്ലയുടെ ആഗ്രഹങ്ങൾ. ഒഴിവു സമയങ്ങളിൽ ചായക്കൂട്ടുകൾ കൊണ്ടും മറ്റും ഓരോന്ന് ഉണ്ടാക്കുന്നതാണ് ഫെല്ലയുടെ വിനോദം. ഫെല്ല മെഹക്കിന്റെ കലാപരമായ കഴിവിൽ പ്രോത്സാഹനങ്ങളുമായി മാതാപിതാക്കൾ എപ്പോഴും കൂടെയുണ്ട്.


