നിറപ്പകിട്ടാർന്ന തെരഞ്ഞെടുപ്പ് കാലങ്ങൾ
text_fieldsകുട്ടിക്കാലത്തെ നിറപ്പകിട്ടാക്കി നിലനിർത്തിയ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തെരഞ്ഞെടുപ്പ് കാലം. സൈക്കിളിൽ ആംപ്ലിഫയറും ബാറ്ററിയും കെട്ടിവെച്ച് മൈക്കിലൂടെ മുന്നിലുള്ളവർ വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ച് ജാഥയായി നീങ്ങുന്ന ആൾക്കൂട്ടത്തിൽനിന്നാണ് അത് തുടങ്ങുന്നത്.
ഫ്ലക്സ് ബോർഡുകൾ വന്നുതുടങ്ങിയിട്ടില്ലാത്ത ആ കാലഘട്ടത്തിൽ തുണിയിൽ പെയിന്റ് കൊണ്ട് എഴുതിയാണ് ബാനറുകൾ ഉണ്ടാക്കിയിരുന്നത്.
തെരഞ്ഞെടുപ്പ് ദിവസമെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം പെരുന്നാളോ ഓണമോ ഒക്കെ പോലെയാണ്.
സ്ഥാനാർഥിയുടെ ചിഹ്നവും ചിത്രവുമുള്ള തൊപ്പിയും ബാഡ്ജുമൊക്കെ അണിഞ്ഞുകൊണ്ട് മണ്ഡലത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്ന വോട്ടർമാരാണ് തങ്ങളെന്ന മട്ടിലാണ് ഞങ്ങളുടെ നടപ്പ്. നാട്ടിലെ പൗരപ്രമുഖരിലൊരാളായ എന്റെ പിതൃസഹോദരന്റെ വീട്ടിലാണ് ഇലക്ഷൻ ദിവസത്തെ ഭക്ഷണം. അത് പാകം ചെയ്യാനായി മാതാവുൾപ്പെടെ മഹിളാമണികൾ നേരത്തേതന്നെ അദ്ദേഹത്തിന്റെ വീട്ടിൽ ഹാജരാവും. പതിനൊന്നു മണിയാകുമ്പോൾ കപ്പ പുഴുങ്ങിയതും പപ്പടവും ഉച്ചക്ക് വിഭവസമൃദ്ധമായ നാടൻ ഊണുമൊക്കെയായി കെങ്കേമമായ ആഘോഷം തന്നെയായിരിക്കും.
തെരഞ്ഞെടുപ്പ് തീരുന്ന സമയം ആവുമ്പോ കുട്ടികൾ എല്ലാവരും ബഹുവർണത്തിലുള്ള പോസ്റ്ററുകൾ കീറിയെടുക്കാൻ റെഡിയായി നിൽക്കും.
പുസ്തകം പൊതിയാനായി മാർക്സിസ്റ്റ് കുടുംബങ്ങളിൽനിന്ന് വരുന്ന സഹപാഠികളും കോൺഗ്രസിന്റെ ബഹുവർണ പോസ്റ്ററുകളാണ് കൊണ്ടുപോവുക. മാർക്സിസ്റ്റ് പാർട്ടിയുടെ അക്കാലത്തെ പോസ്റ്ററുകൾ ചുവന്ന കളറിൽ മാത്രമുള്ളതായിരുന്നു.
ടെലിവിഷൻ പണക്കാരന്റെ ആർഭാട ചിഹ്നമായിരുന്ന ആ കാലത്ത് അയൽവാസിയായ ബാലേട്ടന്റെ വീട്ടുമുറ്റത്തെ റേഡിയോക്ക് മുന്നിലായിരുന്നു ഒരു വലിയ സമൂഹം തെരഞ്ഞെടുപ്പ് ഫലം അറിയാൻ കാത്തുനിന്നിരുന്നത്. ഫ്ലാഷ് ന്യൂസുകളിൽ പാർട്ടികളുടെ ജയപരാജയങ്ങളും ലീഡുകളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ മുറ്റത്ത് നിറയുന്ന ആവേശത്തിന്റെ അലയൊലികൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഓർമതന്നെയാണ്.
മണ്ഡലത്തിലെ സ്വന്തം സ്ഥാനാർഥി ജയിക്കുമ്പോൾ അപ്പോൾതന്നെ ജാഥ നടത്തുകയും പടക്കം പൊട്ടിക്കുകയുമൊക്കെ ചെയ്യുന്ന ആവേശത്തിന്റെ അടങ്ങാത്ത അലയൊലികൾ ഓർക്കുമ്പോൾതന്നെ വല്ലാത്തൊരു അനുഭൂതിയാണ് മനസ്സിൽ നിറക്കുന്നത്.
ഇന്ന് ചെറുതും വലുതുമായ സ്ക്രീനുകളിൽ ശ്ലീലവും അശ്ലീലവുമായ തെരഞ്ഞെടുപ്പ് വാർത്തകൾ നിറയുമ്പോൾ മനസ്സ് വെറുതെ കൊതിച്ചുപോവും; അന്നത്തെ ആ തെരഞ്ഞെടുപ്പ് കാലത്തിലേക്കൊന്നു തിരിച്ചുനടക്കാൻ കഴിഞ്ഞെങ്കിലെന്ന്.