ബഹ്റൈനിൽ ഫുഡ് ട്രക്കിനുള്ള ലൈസൻസ് ഇനി സ്വദേശികൾക്ക് മാത്രം
text_fieldsമനാമ: ബഹ്റൈനിൽ ഫുഡ് ട്രക്കുകളുടെ ഉപയോഗത്തിൽ പുതിയ നിയമത്തിന് നിർദേശം. വിദേശികളും സ്വദേശികളും ഒരു പോലെ ഉപയോഗിച്ചിരുന്ന ട്രക്കുകൾ നിയമം നടപ്പിലാവുകയാണെങ്കിൽ ഇനി മുതൽ സ്വദേശികൾക്കാ മാത്രമായിരിക്കും ലൈസൻസ് ലഭിക്കുക. ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ പരിഗണനയിലാണ്. കൂടാതെ റോഡ ജംഗ്ക്ഷൻ, റൗണ്ടബൗട്ടുകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവയിൽ നിന്ന് 50 മീറ്റർ അകലം പാലിച്ച് രാവിലെ ആറു മുതൽ അർദ്ധരാത്രി 12 വരെയായിരിക്കും പ്രവർത്തന സമയം. എം.പിമാരായ ഖാലിദ് ബുഅനഖ്, അഹമ്മദ് അൽ സല്ലൂം, ഹിഷാം അൽ അവാദി എന്നിവരാണ് ബില്ല് അവതരിപ്പിച്ചത്.
നിയമപ്രകാരം, ഫുഡ് ട്രക്ക് തുടങ്ങാൻ ആഗ്രഹിക്കുന്ന ബഹ്‌റൈനി പൗരന്മാർക്ക് ആരോഗ്യ മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയിൽ നിന്ന് ആവശ്യമായ അനുമതികൾ നേടണം. കൂടാതെ, അതത് മുനിസിപ്പാലിറ്റികളിൽ നിന്ന് പാർക്കിംഗിനുള്ള അനുമതിയും നേടേണ്ടതുണ്ട്. ഓരോ ഫുഡ് ട്രക്കിലും അതിന്റെ വ്യാപാര നാമവും കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ നമ്പറും പ്രദർശിപ്പിക്കണം.
പുതിയ നിയമം നിലവിൽ വന്നാൽ ഈ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ കഴിയില്ല. കൂടാതെ, കച്ചവടം തുടങ്ങുന്നതിന് മുൻപ് സ്ഥലം ഉടമയിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണം. റോഡിന്റെ വക്കിലോ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് മുൻപിലോ വാഹനം നിർത്തി കച്ചവടം ചെയ്യുന്നത് വിലക്കും.
ഒരു ഫുഡ് ട്രക്കും മറ്റൊരു വാഹനവും തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലം ഉണ്ടായിരിക്കണം. ഫുഡ് ട്രക്കിലെ വൈദ്യുതി ബന്ധങ്ങൾ സുരക്ഷിതമായിരിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുകയും വേണം. പൊതു സുരക്ഷാ, സിവിൽ ഡിഫൻസ് നിയമങ്ങൾ പാലിക്കുകയും, സമീപത്തെ കെട്ടിടങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ശബ്ദങ്ങൾ ഒഴിവാക്കുകയും വേണം.
റെസിഡൻഷ്യൽ ഏരിയകളിലെ പ്രവർത്തന സമയം രാവിലെ 6 മുതൽ രാത്രി 12 വരെയായിരിക്കും. ഈ സമയത്തിനു ശേഷം ഫുഡ് ട്രക്കുകൾ ആ സ്ഥലത്ത് നിർത്തിയിടാനോ, ഉപകരണങ്ങളോ ഫർണിച്ചറുകളോ ഉപേക്ഷിക്കാനോ പാടില്ല.