‘നോർക്ക കെയറിൽ’ ഇനിയും മാറ്റങ്ങൾ വേണമെന്നാവശ്യം
text_fieldsമനാമ: നോർക്ക റൂട്ട്സ് പ്രവാസികൾക്കുമാത്രമായി ഒരുക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറിൽ’ ഇനിയും മാറ്റങ്ങൾ വേണമെന്ന് ആവശ്യം.
പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’. പ്രവാസി, പ്രവാസിയുടെ പങ്കാളി, 25 വയസ്സ് വരെയുള്ള രണ്ട് കുട്ടികൾ എന്നിവർക്കാണ് കുടുംബം എന്ന പരിഗണനയിൽ അംഗമാകാനാവുക. എന്നാൽ മാതാപിതാക്കളെയും ഇതിൽ ഉൾപ്പെടുത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.
നിലവില്‍ കേരളത്തിലെ 500ഓളം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴിയാണ് പ്രവാസി കേരളീയര്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നത്. എന്നാൽ സംസ്ഥാനത്തെ കൂടുതൽ പ്രവാസികളുള്ള കോഴിക്കോട് പോലുള്ള ജില്ലകളിൽ മൂന്ന് ആശുപത്രികൾ മാത്രമാണ് ലിസ്റ്റിലുള്ളത്. ഇത്തരം ഇടങ്ങളിൽ ആശുപത്രികളുടെ എണ്ണം വർധിപ്പിക്കാനും പ്രവാസികൾക്കിടയിൽ ആവശ്യമുയർന്നിട്ടുണ്ട്. കൂടാതെ എത്രയും വേഗം പദ്ധതിയിൽ വിദേശ രാജ്യങ്ങളിലെ ആശുപത്രികളെയും ഭാഗമാക്കണമെന്നാണ് മറ്റൊരാവശ്യം.
ഒറ്റത്തവണ 13000 രൂപ അടക്കാൻ കഴിയാത്ത പ്രവാസികൾക്കായി തവണ വ്യവസ്ഥയിൽ പണം നൽകാനുള്ള സാഹചര്യവും അംഗത്വം ചേരാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് രണ്ട് മാസമെങ്കിലുമായി ഉയർത്തണമെന്നും ആവശ്യങ്ങളിലുണ്ട്.