ഗൾഫിൻ മണമുള്ള ഇന്ത്യ
text_fieldsഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയും
ഏകദേശം 5000 വർഷം പഴക്കമുള്ള വാണിജ്യബന്ധം ഇന്ത്യയും ബഹ്റൈനും തമ്മിലുണ്ടെന്നതാണ് ചരിത്രം. അത് ഒട്ടും കുറവില്ലാതെ ദൃഢമായി നിലനിർത്തിപ്പോരുകയും ചെയ്യുന്നു
വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ ജനാധിപത്യ സങ്കൽപങ്ങളും സാഹോദര്യവും മഹത്തായ പൈതൃകങ്ങളും ഇന്നും ലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. പ്രകൃതി-മാനുഷിക വിഭവങ്ങളിൽ എക്കാലത്തും ലോകത്തിന്റെ കണ്ണ് ഭാരതത്തിലേക്കായിരുന്നു. അതായിരുന്നു ഇന്ത്യയിലേക്കുള്ള വൈദേശികാധിനിവേശത്തിന്റെ ഹേതുവും. ഒടുങ്ങാത്ത ഈ അഭിനിവേശമാണ് പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും നമ്മുടെ രാജ്യത്തെ അവരുടെ കോളനികളാക്കിത്തീർക്കാൻ ഇടവരുത്തിയത്. അവരിൽ നിന്നെല്ലാം സ്വതന്ത്രമായ ഇന്ത്യ നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ സൂക്തം ആത്മാവാക്കി പ്രയാണം തുടങ്ങിയിട്ട് 78 വർഷം കഴിഞ്ഞിരിക്കുകയാണ്. സമാനതകളില്ലാത്ത വ്യക്തികളും ഗ്രൂപ്പുകളും തമ്മിലുള്ള ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമായാണ് നാനാത്വത്തിൽ ഏകത്വം എന്ന വാക്യം ഉപയോഗിക്കുന്നത്. ഇന്ത്യയുടെ മഹത്ത്വത്തിന്‍റെ മറ്റൊരധ്യായവും ഈ വാക്കുകൾ തന്നെയായിരുന്നു.
പിന്നിട്ട കാലങ്ങൾ ഇന്ത്യയെന്ന രാജ്യത്തിന്‍റെ വളർച്ചയുടെയും ഉയർച്ചയുടെയും നാളുകളായിരുന്നു. ലോക രാജ്യങ്ങളുമായി മികച്ച ബന്ധങ്ങൾ സ്ഥാപിച്ചും സഹകരണം നടത്തിയും രാജ്യം അന്നും ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. അതിൽ മുന്നിട്ടുനിൽക്കുന്നത് ജി.സി.സി രാജ്യങ്ങളുമായുള്ള വ്യാപാരമാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. രാജ്യത്തിനായി അവർ നൽകുന്ന സംഭാവനകളും വർധിച്ചുകൊണ്ടിരിക്കുന്നു. വർഷങ്ങളോളം അന്യരാജ്യത്ത് താമസിച്ച് പരിചയിച്ചവർ നാട്ടിലേക്ക് കൊണ്ടുവരുന്നതും ആ സംസ്കാരങ്ങളും ബിസിനസ് ചിന്തകളുമാണ്. അതിന്‍റെ ഫലമായി ഒരുകാലത്ത് ഗൾഫ് രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന പല സംരംഭങ്ങളും ഇന്ന് നമ്മുടെ നാട്ടിലുമുണ്ട്. നമ്മളാൽ അന്യരാജ്യം മാത്രമല്ല വളരുന്നത്, അതുവഴി നമ്മളും സ്വന്തം വീടും നാടും രാജ്യവുമാണ്. ഗൾഫിന്‍റെ ഗന്ധം ഇന്ന് നമ്മുടെ നാട്ടിൽ വീശിപ്പരന്നിട്ടുണ്ടെന്ന് സാരം.
ജി.സി.സി രാജ്യങ്ങളും ഇന്ത്യയും
നമ്മുടെ പ്രധാന തൊഴിൽ ദാതാവായും നാടിന്‍റെ സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കായും ഗൾഫ് രാജ്യങ്ങൾ വർത്തിക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടോളമായതേയുള്ളൂ. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത ദൃഢബന്ധവും ഈ രാജ്യങ്ങളുമായി ഇന്ത്യക്കുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) 2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെത്തിയ വിദേശ പണത്തിന്റെ ആകെ മൂല്യത്തിന്‍റെ 38 ശതമാനവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്.
ഇതേ സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് ലഭിച്ച ആകെ തുക 129.4 ബില്യൺ ഡോളറാണ്. ഇതിൽനിന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തുക മാത്രം ഏകദേശം 49 ബില്യൺ ഡോളർ വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണത്തിന്റെ അളവ് കുറയുകയും അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കൂടുതൽ പണം ഇന്ത്യയിലേക്കെത്തുകയും ചെയ്യുന്ന ഒരു പ്രവണത കാണുന്നുണ്ട്. എങ്കിലും, ഇപ്പോഴും ഇന്ത്യയിലേക്കെത്തുന്ന പണത്തിൽ ഗണ്യമായൊരു പങ്ക് ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സംഭാവനയാണ്. പുതിയ കണക്കുകൾ പ്രകാരം ജി.സി.സി രാജ്യങ്ങളിലായി 90 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ യു.എ.ഇയിലാണ്. ഏകദേശം 35.5 ലക്ഷം ഇന്ത്യക്കാർ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. രണ്ടാമത് സൗദിയാണ് 26.4 ലക്ഷം. 13.75 ലക്ഷം പേരുമായി ഒമാനും 10 ലക്ഷം പേരുമായി കുവൈത്തും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണം ഏഴ് ലക്ഷത്തോളമാണ്. എന്നാൽ ഏറ്റവും കുറവ് ബഹ്റൈനിലാണുള്ളത്. 3.2 ലക്ഷം പേർ.
ഇന്ത്യയെ ചേർത്തുനിർത്തുന്ന ബഹ്റൈൻ
പാരമ്പര്യത്തിലധിഷ്ഠിതമായ വാണിജ്യ ബന്ധങ്ങൾ നിലനിന്നിരുന്ന അത്ഭുത ദ്വീപാണ് ഇന്ത്യക്കെന്നും ബഹ്റൈൻ. ഏകദേശം 5000 വർഷം പഴക്കമുള്ള വാണിജ്യബന്ധം ഇരുവരുംതമ്മിലുണ്ടെന്നതാണ് ചരിത്രം. മുത്തും പവിഴവും ശേഖരിച്ചിരുന്ന കാലം മുതൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി വരെ ഇന്ത്യയുമായുള്ള ആത്മബന്ധത്തെ സാക്ഷിയാക്കിയതാണ്. അത് ഒട്ടും കുറവില്ലാതെ ദൃഢമായി നിലനിർത്തിപ്പോരുന്നു എന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ പെരുമയെ പ്രതിഫലിപ്പിക്കുന്നു. 1.64 ബില്യൺ യു.എസ് ഡോളറാണ് 2024-2025 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായത്. 2025ലെ ആദ്യ പാദം വരെയുള്ള നിക്ഷേപം 2.1 ബില്യൺ യു.എസ് ഡോളറാണ്. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 6.5 ശതമാനം ജി.ഡി.പി. വളർച്ചയും 9.8 ശതമാനം നോമിനൽ ജി.ഡി.പി. വളർച്ചയും ഇന്ത്യ നേടി. 2025 ജൂലൈയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 698.19 ബില്യൺ യു.എസ് ഡോളറാണ്.
15 ലക്ഷത്തോളം പേർ മാത്രമുള്ള ബഹ്റൈനിലെ ആകെ ജനസംഖ്യയിൽ ഏഴു ലക്ഷം, അതായത് 40 ശതമാനവും പ്രവാസികളാണ്. അതിൽ മൂന്നര ലക്ഷത്തോളം ഇന്ത്യൻ സമൂഹമാണെന്നതാണ് കൗതുകം. ഇന്ത്യക്കാർക്കിടയിൽ മലയാളികളുടെ എണ്ണത്തിനാണ് തൂക്കം കൂടുതൽ; ഏതാണ്ട് രണ്ടു ലക്ഷത്തിലധികം. അതായത് പകുതിയിലധികവും ഇന്ത്യക്കാരായ മലയാളികളാണ് പവിഴ ദ്വീപിലുള്ളത്.
1971ൽ ആരംഭിച്ച ഇരുവരും തമ്മിലുള്ള നയതന്ത്രബന്ധം പിന്നീടിങ്ങോട്ട് കരുത്തായിത്തന്നെ വളരുകയായിരുന്നു. 1973 ജനുവരിയിലാണ് ബഹ്റൈനിൽ ഇന്ത്യൻ എംബസി സ്ഥാപിതമാകുന്നത്. 34 വർഷങ്ങൾക്കു ശേഷം 2007ൽ ഇന്ത്യയിലെ ബഹ്റൈൻ എംബസി ഡൽഹിയിൽ ആരംഭിച്ചു. 2019ൽ നരേന്ദ്ര മോദിയുടെ സന്ദർശനത്തിലൂടെ പവിഴദ്വീപ് സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ഖ്യാതിയും അതുവഴി വളർത്തിയെടുത്ത ബന്ധങ്ങളും ഇരു രാജ്യങ്ങൾക്കും നേട്ടമായി.