ഗോസി വഴി ഇൻഷുറൻസ് ലഭിക്കാൻ
text_fieldsജോലി സ്ഥലത്തുവെച്ച് എനിക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഒരു അപകടമുണ്ടായി. അതിനുശേഷം ആറ് മാസം നാട്ടിൽ ചികിത്സ നടത്തി. എനിക്ക് ഗോസി വഴി ഇൻഷുറൻസ് കിട്ടാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്. ഇതിനിടയിൽ അസുഖം മാറി തിരിച്ചുവന്നപ്പോൾ തൊഴിലുടമയുടെ നിർദേശപ്രകാരം കമ്പനിക്കെതിരായ കേസ് ഞാൻ പിൻവലിച്ചിരുന്നു. അവർ ഇൻഷുറൻസ് വാങ്ങിനൽകാമെന്ന് പറഞ്ഞായിരുന്നു കേസ് പിൻവലിപ്പിച്ചത്.
ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആദ്യമായി ഗോസിയുടെ നിശ്ചിത ഫോറത്തിൽ അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ അപേക്ഷ നൽകിയിരിക്കണം. താങ്കൾ നൽകിയ വിവരങ്ങളനുസരിച്ച് അത് നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. സാധാരണ ഈ നടപടി ചെയ്യുന്നത് തൊഴിലുടമയാണ്. ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ടോ എന്ന വിവരം ലഭിച്ചാൽ മാത്രമേ ഗോസിയിൽനിന്ന് ആനുകൂല്യമോ നഷ്ടപരിഹാരമോ ലഭിക്കുമോയെന്ന് പറയാൻ സാധിക്കുകയുള്ളൂ. ഇനി അപേക്ഷ നൽകിയാലും താങ്കൾ നാട്ടിൽ പോയി ചികിത്സ ചെയ്തത് ഇവിടത്തെ ഹോസ്പിറ്റലിന്റെ നിർദേശപ്രകാരമോ ഗോസിയുടെ അനുമതിയോടെയോ ആയിരിക്കണം. അല്ലാത്ത പക്ഷവും ആനുകൂല്യം ലഭിക്കില്ല. താങ്കളുടെ ഇഷ്ടപ്രകാരം നാട്ടിൽ പോയി ചികിത്സ നടത്തിയതാണെങ്കിൽ ഗോസിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല.
സാധാരണ ഗോസിയിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ
- തൊഴിലിന് പോകാൻ പറ്റാത്ത ദിവസങ്ങളിലെ അല്ലെങ്കിൽ ചികിത്സ സമയത്തെ മുഴുവൻ ശമ്പളം
- ചികിത്സ അല്ലെങ്കിൽ അതിനുള്ള മുഴുവൻ ചെലവ്. ചികിത്സ കഴിഞ്ഞ് സുഖംപ്രാപിക്കുകയാണെങ്കിൽ അല്ലെങ്കിൽ താങ്കളുടെ അവസ്ഥ പഴയ രീതിയിലായില്ലെങ്കിൽ വേറെ നഷ്ടപരിഹാരങ്ങളൊന്നും ലഭിക്കില്ല.
- അപകടത്തിൽ അംഗവൈകല്യം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരം അംഗവൈകല്യത്തിന്റെ തോതനുനുസരിച്ചാണ് ലഭിക്കുക. അത് തീരുമാനിക്കുന്നത് ഇവിടത്തെ മെഡിക്കൽ കമീഷനാണ്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നഷ്ടപരിഹാരം കണക്കാക്കുന്നത് ഗോസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രേമ കൃത്യമായ ഒരു മറുപടി പറയാൻ സാധിക്കുകയുള്ളൂ. അതുപോലെ എല്ലാ രേഖകളും സഹിതം ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കുകയാണെങ്കിൽ കൂടുതൽ വ്യക്തമായ ഒരു നിയമോപദേശം ലഭിക്കും.