ഗോപിക ജെ.എൻ.യു വിദ്യാർഥി യൂനിയൻ വൈസ് പ്രസിഡന്റ്
text_fieldsഗോപിക ബാബു
മനാമ: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂനിയന്റെ കേന്ദ്ര പാനൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബഹ്റൈൻ പ്രവാസി കുടുംബത്തിലെ വിദ്യാർഥിനി തെരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈൻ പ്രവാസികളായ തൃശൂർ ഇരിങ്ങാലക്കുട നെടുമ്പാൾ സ്വദേശി കെ.ജി. ബാബുവിന്റെയും ജുമ ബാബുവിന്റെയും മകളായ ഗോപിക ബാബുവാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാകേന്ദ്രമായ ജെ.എൻ.യുവിൽ കേന്ദ്ര പാനലിലേക്ക് എസ്.എഫ്.ഐ സ്ഥാനാർഥിയായി മത്സരിച്ച ഗോപിക വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ ബഹ്റൈൻ പ്രവാസികൾക്കും അഭിമാനമായി. 3101 വോട്ടുകൾ നേടിയാണ് ഗോപികയുടെ ഐതിഹാസിക വിജയം. ഒപ്പം ജയിച്ചവരെക്കാൾ ആയിരത്തിലധികം വോട്ടുകളുടെ വ്യത്യാസമാണ് ഗോപികക്കുള്ളത്.
2023-24 കാലയളവിൽ ജെ.എൻ.യു വിദ്യാർഥി യൂനിയനിൽ കൗൺസിലറായിരുന്നു ഗോപിക. ഡൽഹി യൂനിവേഴ്സിറ്റിയിലെ മിറാൻഡ ഹൗസ് കോളജിൽ ഡിഗ്രി പഠനത്തിനുശേഷം 2022ൽ എം.എ സോഷ്യോളജി വിദ്യാർഥിയായാണ് ഗോപിക ജെ.എൻ.യുവിൽ എത്തിയത്. പിന്നീട് കാമ്പസിലെ വിദ്യാർഥികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുൻനിരപോരാളിയായി മാറി. മുടങ്ങിയ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചുനടന്ന സമരങ്ങളുടെ മുൻനിരയിലും ഗോപികയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
ഡൽഹി സർവകലാശാലയുടെ മിറാൻഡ ഹൗസ് കോളജിൽ നിന്നാണ് ഗോപിക ബിരുദം കരസ്ഥമാക്കിയത്. ജെ.എൻ.യുവിൽ നിന്ന് സ്വർണ മെഡലോടെ എം.എ സോഷ്യോളജി വിജയിച്ച ശേഷമാണ് ഗോപിക സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസിൽ പിഎച്ച്.ഡിക്ക് ചേർന്നത്. മികച്ച ചിത്രകാരി കൂടിയായ ഗോപിക കാമ്പസിൽ ഇടതുപക്ഷത്തിനുവേണ്ടിയുള്ള ചിത്രങ്ങളുടെയും മറ്റ് കലാസൃഷ്ടികളുടെയും നേതൃത്വവും വഹിക്കുന്നു. യങ് സോഷ്യലിസ്റ്റ് ആർട്ടിസ്റ്റ് (വൈ.എസ്.എ) സംഘടനയുടെ ഭാരവാഹി കൂടിയാണ് ഗോപിക. ഇരട്ട സഹോദരി ദേവിക ബാബു പുണെ ഐസറിൽ ന്യൂറോ സയൻസിൽ ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി ചെയ്യുന്നു.
ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലാണ് ഗോപികയും ദേവികയും പ്ലസ്ടു വരെ പഠിച്ചത്. ബഹ്റൈൻ കേരളീയ സമാജത്തിൽ നിന്ന് രണ്ട് പ്രാവശ്യം ഗോപികക്ക് സാഹിത്യരത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബഹ്റൈനിലെ വിവിധ കലാ സാംസ്കാരിക പരിപാടികളിൽ ഗോപികയും ദേവികയും സജീവസാന്നിധ്യമായിരുന്നു. ബഹ്റൈനിൽ പ്രമുഖ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന അച്ഛൻ കെ.ജി. ബാബു ബഹ്റൈൻ പ്രതിഭയിലെ അംഗവും പാട്ടെഴുത്തുകാരനുമാണ്. അമ്മ ജുമ ബാബു ബഹ്റൈനിലെ അൽഷർക്കിയ സ്കൂളിലെ അധ്യാപികയാണ്.
ഭാഷയുടെയും സംസ്ഥാനത്തിന്റെയും അതിർവരമ്പുകളില്ലാതെ ജെ.എൻ.യുവിലെ വിദ്യാർഥി സമൂഹം തന്നെ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും ഇടത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് മോദി സർക്കാറിന്റെ നയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും ഗോപിക പറഞ്ഞു.


