നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ നവീകരിക്കും
text_fieldsമനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പോലുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. ഈ സമീപനം സുസ്ഥിരമായ വളർച്ചക്കും സമൃദ്ധിക്കും വഴിയൊരുക്കുന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ഖായിദ് പ്രസ്താവനയിൽ അറിയിച്ചു. ഏറ്റവും ഉയർന്ന ഡിജിറ്റൽ നിലവാരം പ്രയോഗിക്കുന്നതിനും ഡിജിറ്റൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം സഞ്ചരിക്കുന്നതിനുമുള്ള സർക്കാറിന്റെ കാഴ്ചപ്പാടാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അൽ ഖായിദ് പറഞ്ഞു.
ദേശീയ ഡിജിറ്റൽ ഇക്കണോമിക് സ്ട്രാറ്റജിക്ക് (എൻ.ഡി.ഇ.എസ്) കീഴിലുള്ള ആറ് സംരംഭങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കിയതായും അദ്ദേഹം എടുത്തുപറഞ്ഞു. 2030 വരെ ആസൂത്രണം ചെയ്ത 49 സംരംഭങ്ങളിൽ, ഒമ്പത് ഹ്രസ്വകാല സംരംഭങ്ങളാണ് തന്ത്രത്തിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
സ്ഥാപനങ്ങൾക്കും മേഖലകൾക്കുമിടയിൽ ഏകീകരണം ഉറപ്പാക്കാനും പൊതുജനങ്ങൾക്കുള്ള പ്രധാന സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകാനും ഇപ്പോൾ ഈ തന്ത്രം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സേവനങ്ങൾ, ടൂറിസം, വ്യവസായം, ഐടി, ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സുസ്ഥിര വികസനത്തെ ഈ സംരംഭങ്ങൾ പിന്തുണക്കുന്നു. അതിർത്തികളില്ലാത്ത ഒരു ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്ക് ഇത് സംഭാവന നൽകുകയും ബഹ്റൈനെ മത്സരാധിഷ്ഠിത സാമ്പത്തികകേന്ദ്രമായി സ്ഥാപിക്കുകയും ചെയ്യും.