പൊതുപ്രവർത്തനം ഇനി നാട്ടിൽ...
text_fieldsഹരിദാസൻ
മനാമ: 34 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഹരിദാസൻ നാട്ടിലേക്ക് മടങ്ങുന്നു. ബഹ്റൈനിലെ വെസ്റ്റ് റിഫയിൽ ഫാർമസിസ്റ്റ് ആയ കോഴിക്കോട് പേരാമ്പ്ര അരിക്കുളം കാരയാട് സ്വദേശി മഠത്തിൽ ഹരിദാസനാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. ബഹ്റൈൻ പ്രതിഭയുടെ സജീവ പ്രവർത്തകനായ ഹരിദാസൻ ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
ഫാർമസി കോഴ്സ് പാസായ ഹരിദാസൻ 1992ലാണ് ബഹ്റൈനിൽ എത്തിയത്. കഴിഞ്ഞ 28 വർഷമായി ബഹ്സാദ് ഗ്രൂപ്പിന്റെ ഫാർമസിയിലാണ് ജോലി ചെയ്യുന്നത്. 20 വർഷത്തോളം ഭാര്യ ജിഷിതയും രണ്ട് മക്കളും ബഹ്റൈനിൽ ഒപ്പം ഉണ്ടായിരുന്നു. 2021ൽ കൊറോണക്കാലത്ത് കുടുംബം നാട്ടിലേക്ക് പോയി. ജിഷിത ബഹ്റൈൻ പ്രതിഭയുടെ വനിത വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
മക്കൾ രണ്ടു പേരും ചെറിയ ക്ലാസ് മുതൽ പഠിച്ചത് ബഹ്റൈൻ ഇന്ത്യൻ സ്കൂളിലാണ്. വിനയവും ലാളിത്യവും കൈമുതലായുള്ള ഹരിദാസന് സ്വദേശികളും വിദേശികളുമായി വിപുലമായ സൗഹൃദ ബന്ധങ്ങൾ ഉണ്ട്. രോഗങ്ങളെ കുറിച്ചും മരുന്നുകളെ കുറിച്ചും സംശയങ്ങൾ ഹരിദാസനോട് ചോദിക്കുന്നവരിൽ മലയാളികൾ മാത്രമല്ല സ്വദേശികളായ അറബികളും ബംഗാളികളും പാകിസ്താനികളും ഉൾപ്പെടെ എല്ലാ രാജ്യക്കാരും ഉണ്ട്.മാനസികപ്രയാസങ്ങൾ വരെ പലരും ഹരിദാസനോട് പങ്കുവെക്കുന്നു. നാട്ടിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടത് യുവജന സംഘടനയുടെയും പ്രവർത്തകനായിരുന്ന കാലത്താണ് ഹരിദാസൻ പ്രവാസത്തിലേക്ക് വന്നത്. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടിൽ ജീവിക്കണം എന്ന ആഗ്രഹത്താലാണ് സ്വന്തം ഇഷ്ടപ്രകാരം ജോലി ഒഴിവാക്കി പോകുന്നത്. നാട്ടിലെ സ്വന്തം കെട്ടിടത്തിൽ ഒരു മെഡിക്കൽ ഷോപ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഹരിദാസൻ. മക്കളായ അഭിജിത്ത് കോഴിക്കോട് മുക്കം കെ.എം.സി.ടി ഫാർമസി കോളജിൽ രണ്ടാം വർഷ വിദ്യാർഥിയും ജിതിൻജിത്ത് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയുമാണ്. ഡിസംബർ രണ്ടാം വാരത്തിൽ നാട്ടിലേക്ക് തിരിക്കും. നാട്ടിലെത്തിയാൽ ജീവകാരുണ്യ-പൊതുപ്രവർത്തനം തുടരുമെന്നും ഹരിദാസൻ പറഞ്ഞു.


