അഡ്വാൻസ് ഇ-കീ 2.0 ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലേ...
text_fieldsമനാമ: പുതുതായി പ്രഖ്യാപിച്ച ഇ-കീ 2.0 ആപിലെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദേശം. അതിനായി മാളുകളിലും മറ്റു പ്രധാന സ്ഥലങ്ങളിലും ഇ-ഗവൺമെന്റ് കിയോസ്കുൾ സജ്ജമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പക്ഷം കമ്പനികളിൽനിന്നോ മറ്റോ ജോലിയിൽനിന്ന് വിരമിക്കുകയോ രാജിവെക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഗോസി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇ-കീ 2.0ക്ക് അംഗീകാരം നൽകിയത്. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ആപ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്.
രാജ്യത്തെ സർക്കാർ സംവിധാനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്താൻ രാജ്യത്തെ താമസക്കാരായ എല്ലാവരും ഇ-കീ 2.0 ആപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. 41 ഓളം ഗവൺമെന്റ് സർവിസുകൾ ലഭ്യമാകുന്ന 'മൈഗവ് ആപ്' പ്രവർത്തിപ്പിക്കാനും പ്രവാസികൾ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിൽ സംബന്ധമായ വിവരങ്ങൾ, പരാതികൾ, ഫൈനുകൾ അടയ്ക്കാനുള്ള സൗകര്യം, സി.പി.ആർ, പാസ്പോർട്ട് തുടങ്ങിയ സർക്കാൻ സേവനങ്ങൾക്കും ഇ-കീ 2.0 രജിസ്ട്രേഷൻ ആവശ്യമാണ്. രജിസ്ട്രേഷൻ പൂർത്തീകരണത്തിന് ഫിൻഗർ പ്രിന്റ് ആവശ്യമുള്ളതിനാലാണ് കിയോസ്കുകൾ ഉപയോഗപ്പെടുത്താൻ അതോറിറ്റി അറിയിച്ചത്. തിരക്കുകൾ വർധിക്കാൻ സാഹചര്യമുള്ളതിനാലും മറ്റു സർക്കാർ സേവനങ്ങൾക്ക് അത്യാവശ്യമുള്ളതിനാലും പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതാണ് ഉചിതമെന്ന് പ്രവാസി ലീഗൽ സെൽ അധികൃതർ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മെയിൽ ഐഡി, നമ്പർ വെരിഫിക്കേഷൻ, പാസ് വേഡ് ക്രിയേഷൻ, ഒ.ടി.പി, ഫോട്ടോ, സി.പി.ആർ അപ് ലോഡ് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതിനാൽ ഇ-കീ 2.0 ആപ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകി പൂർത്തിയാക്കിയ ശേഷം കിയോസ്കുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
- ഇ-കീ 2.0 ആപ് ഡൗൺലോഡ് ചെയ്യാൻ bahrain.bh/apps എന്ന ലിങ്ക് ഉപയോഗിക്കാം
- ഫോട്ടോ എടുക്കുമ്പോൾ വ്യക്ത ഉറപ്പാക്കണം. ഫോണിന്റെ കാമറ വൃത്തിയാക്കിയോ മറ്റു കൂടുതൽ ക്ലാരിറ്റിയുള്ള ഫോണോ ഇതിനായി ഉപയോഗിക്കുക.
- കണ്ണ് പൂർണമായും തുറന്നുവെച്ച് ഫോട്ടോ എടുക്കുക
- വിഡിയോ രൂപത്തിലാണ് കാമറക്ക് പോസ് ചെയ്യേണ്ടത്
- സി.പി.ആറിന്റെ രണ്ടു ഭാഗവും വ്യക്തതയോടെ തിളക്കം വരാത്ത രീതിയിൽ ഫോട്ടോ എടുക്കുക
- ഒരുപാട് തവണ ഒ.ടി.പിയോ സുരക്ഷാ അക്കങ്ങളോ ഐഡി വിവരങ്ങളോ തെറ്റിച്ചു നൽകുന്നത് നിങ്ങളുടെ ഫോൺ നമ്പർ ഇതുമായി ബന്ധിപ്പിക്കുന്നതിന് തടസ്സം വന്നേക്കാം
- ഒരു ഫോൺ നമ്പറിൽ ഒരു തവണ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ
- ശേഷം കിയോസ്കുകൾ സന്ദർശിച്ച് ഫിൻഗർപ്രിന്റ് നൽകുക
- മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കിയോസ്ക് വഴിയും സാധ്യമാകുമെങ്കിലും കൂടുതൽ ഉചിതം നമ്മുടെ ഫോണിൽനിന്ന് പൂർത്തിയാക്കുന്നതാണ്
കിയോസ്കുകളും പ്രവർത്തന സമയവും
വാദി അൽ സെയ്ൽ മാൾ, ട്രാഫിക് സർവിസ് ഓഫിസ്
- എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി 11 വരെ
ബഹ്റൈൻ മാൾ, പോസ്റ്റ് ഓഫിസ്
- ശനിമുതൽ വ്യാഴംവരെ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ
ബുദൈയ പോസ്റ്റ് ഓഫിസ്
- ശനി മുതൽ വ്യാഴം വരെ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ
ഹമദ് ടൗൺ പോസ്റ്റ് ഓഫിസ്
- ശനി മുതൽ വ്യാഴം വരെ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ
ബഹ്റൈൻ ഫിനാൻസ് ഹാർബർ, മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് കോമേഴ്സ് ബ്രാഞ്ച് രണ്ടാം നില
- ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ടു വരെ
എൽ.എം.ആർ.എ ഫസ്റ്റ് ഫ്ലോർ
- ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചു വരെ
എസ്.ഐ.ഒ ഡിപ്ലോമാറ്റിക് ഏരിയ
- ഞായർ മുതൽ ബുധൻ വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ടു വരെ, വ്യാഴം രാവിലെ 7.30 മുതൽ ഉച്ചക്ക് 1.45 വരെ
ഐ.ജി.എ ഈസ ടൗൺ ബ്രാഞ്ച്
- ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചു വരെ
ഐ.ജി.എ മുഹറഖ് സീഫ് മാൾ
- ശനി മുതൽ ബുധൻ വരെ രാവിലെ 10 മുതൽ രാത്രി 10 വരെ
- വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 11വരെ