ഐ.ആർ.ജി.സിയുമായി ബന്ധമുള്ള ഭീകരസംഘടന രൂപീകരിച്ച കേസ്; മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് ഹൈ ക്രിമിനൽ കോടതി
text_fieldsമനാമ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ.ആർ.ജി.സി) ബന്ധമുള്ള ഭീകരസംഘടന രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. കസ്റ്റഡിയിലുള്ളവർക്കും ഒളിവിലുള്ളവർക്കും ജീവപര്യന്തം മുതൽ 15 വർഷം വരെയുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചത്.
ചില പ്രതികൾക്ക് ഒരു ലക്ഷം ദിനാർ വീതം പിഴ ചുമത്തിയ കോടതി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എട്ട് ദശലക്ഷം ദിനാറിലധികം തുകയും പിടിച്ചെടുത്ത മറ്റ് വസ്തുക്കളും കണ്ടുകെട്ടാനും ഉത്തരവിട്ടു. ഭീകരവാദ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രോസിക്യൂഷൻ മേധാവിയായ അഡ്വക്കേറ്റ് ജനറലാണ് വിധി സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
ഭരണഘടനയിലെ വ്യവസ്ഥകൾ റദ്ദാക്കാനും രാജ്യത്തെ ഭരണസംവിധാനം അട്ടിമറിക്കാനും ലക്ഷ്യമിട്ടാണ് പ്രതികൾ സംഘടന രൂപീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിനായി ഭീകരപ്രവർത്തനങ്ങളും കലാപങ്ങളും അട്ടിമറി ശ്രമങ്ങളും നടത്താൻ ഇവർ പ്രേരിപ്പിച്ചു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇറാനുമായും ഐ.ആർ.ജി.സിയുമായും പ്രതികൾ ആശയവിനിമയം നടത്തുകയും സാമ്പത്തിക സഹായം ശേഖരിക്കുകയും ചെയ്തു.
മാതൃരാജ്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും പകരം ഇറാൻ ഭരണകൂടത്തിന് പൂർണ്ണമായി വിധേയപ്പെടുന്ന ‘വിലായത്തുൽ ഫഖീഹ്’ ആശയം പ്രചരിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. ഇതിനായി ആരാധനാലയങ്ങളെ നിയന്ത്രണത്തിലാക്കാനും സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറാനും പ്രതികൾ ശ്രമിച്ചു.
മതപ്രഭാഷണങ്ങളെ രാഷ്ട്രീയവൽക്കരിച്ച് ഭരണകൂടത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയും, തങ്ങളുടെ ആശയങ്ങളെ എതിർത്തവരെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതി ഉത്തരവിലൂടെ നേരത്തെ പിരിച്ചുവിട്ട ‘ഉലമ കൗൺസിലുമായി’ ബന്ധമുള്ളവരാണ് ഈ സംഘടിത ഗ്രൂപ്പിന് രൂപം നൽകിയത്.
പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പ്രകോപനപരമായ പ്രഭാഷണങ്ങളുടെ ശബ്ദരേഖകൾ, ബഹ്‌റൈൻ ദിനാറിലും വിദേശ കറൻസികളിലുമായി പിടിച്ചെടുത്ത ഏകദേശം 9,35,000 ദിനാർ എന്നിവ പ്രോസിക്യൂഷൻ നിർണ്ണായക തെളിവുകളായി കോടതിയിൽ ഹാജരാക്കി. അനുമതിയില്ലാതെ പണം പിരിച്ചെടുത്തതും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയതും അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ചില പ്രതികളുടെ കുറ്റസമ്മത മൊഴികളും കേസിൽ നിർണ്ണായകമായി.അന്വേഷണ ഘട്ടത്തിലും വിചാരണ വേളയിലും പ്രതികൾക്ക് നിയമപരമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കിയിരുന്നുവെന്ന് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതികൾക്ക് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും സൗകര്യമൊരുക്കി.
അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു വിചാരണ നടപടികൾ നടന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രതിനിധിയും വിചാരണ നടപടികൾ നിരീക്ഷിക്കാൻ കോടതിയിൽ സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും സ്ഥിരതയ്ക്കും എതിരായ ഗൂഢാലോചന വ്യക്തമാക്കുന്ന ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



