ഹോഴ്സ് റൈഡേഴ്സ് ഷോ ഈ മാസം 17ന്
text_fieldsഹോഴ്സ് റൈഡേഴ്സ് ഷോയിൽ നിന്ന് (ഫയൽ)
മനാമ: പരമ്പരാഗത കുതിരയോട്ടക്കാരുടെ വേഷവിധാനത്തോടെ ആവേശക്കൊടുമുടി കയറുന്ന ഹോഴ്സ് റൈഡേഴ്സ് ഷോ വീണ്ടുമെത്തുന്നു. ഈ വർഷത്തെ സീസൺ ഔദ്യോഗികമായി ഒക്ടോബർ 17ന് ആരംഭിക്കും. ഇത്തവണ കൂടുതൽ വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
20 ആഴ്ച നീളുന്ന കുതിരയോട്ട അഭ്യാസങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, കമ്യൂണിറ്റി വിനോദങ്ങൾ എന്നിവക്കാണ് ഇത് തുടക്കമിടുന്നത്.
ബഹ്റൈൻ ഫോർട്ട് ബീച്ചിന്റെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രധാനമായും പരിപാടികൾ അരങ്ങേറുക. ഇത്തവണത്തെ പരിപാടിക്ക് മറ്റൊരു കൗതുകം കൂടിയുണ്ട്.
ഷോയുടെ സംഘാടകർ കൂടുതൽ കഴിവുള്ള ബഹ്റൈനി കുതിരയോട്ടക്കാരെ തേടുകയാണ്. ഷോയുടെ ചരിത്രത്തിൽ ആദ്യമായാണ് അണിനിരക്കാൻ വനിതകുതിരയോട്ടക്കാരെ ക്ഷണിച്ചത്. തന്നെപ്പോലുള്ള മുതിർന്നവർക്ക് എല്ലായ്പോഴും മാർഗനിർദേശം നൽകാൻ കഴിയും, പക്ഷേ പുതിയ പ്രതിഭകൾക്ക് തിളങ്ങാൻ ഒരവസരം നൽകുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നെന്ന് റൈഡേഴ്സ് നെറ്റ്വർക്കിന്റെ ദീർഘകാല നേതാവായ ഖലീൽ അൽ ഫർദാൻ പറഞ്ഞു.
ഈ സീസൺ അവസാനിക്കുമ്പോൾ 100 പുതിയ യുവപ്രതിഭകളായ പുരുഷന്മാരെയും ആദ്യമായി വനിതകളെയും അണിനിരത്താൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലുടനീളമുള്ള ആയിരത്തോളം കുതിരയോട്ടക്കാർ ഉൾപ്പെടുന്ന ഈ സീസൺ, ചരിത്രം, പ്രകടനം, ദേശീയ അഭിമാനം എന്നിവ സമന്വയിപ്പിച്ച് അതുല്യമായ ഒരു കായികമേള കാഴ്ചവെക്കുമെന്നാണ് വിലയിരുത്തൽ.
ഓട്ടോമൻ, പഴയകാല അറബികൾ, ഫ്രഞ്ച് നെപ്പോളിയൻ, ബ്രിട്ടീഷ്, ലോറൻസ് ഓഫ് അറേബ്യ തുടങ്ങിയ കുതിരയോട്ട വേഷധാരികളെ പരിപാടിയിൽ കാണാം. ഓരോ ആഴ്ചയും വ്യത്യസ്ത സ്ഥലങ്ങളിൽ ഇവന്റുകൾ നടത്തുന്ന ഒരു സഞ്ചരിക്കുന്ന കാർണിവൽ പോലെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് അൽ ഫർദാൻ വിശദീകരിച്ചു.
ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് നവംബറിൽ നടക്കുന്ന ബഹ്റൈൻ അനിമൽ പ്രൊഡക്ഷൻ ഷോ (മറാഈ), ഡിസംബറിലെ ദേശീയ ദിനാഘോഷങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ദേശീയ പരിപാടികളിൽ ഗ്രൂപ്പിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും ചേരാനും താൽപര്യമുള്ളവർക്ക് അൽ ഫർദാനുമായി 3391 3301 എന്ന നമ്പറിൽ ബന്ധപ്പെടാം.