ഇന്ത്യൻ ക്ലബ് ഓണാഘോഷം; ഘോഷയാത്രാമത്സരത്തിൽ ഒന്നാം സമ്മാനം വോയ്സ് ഓഫ് ആലപ്പിക്ക്
text_fieldsഇന്ത്യൻ ക്ലബ് ഓണാഘോഷത്തിൽ സമ്മാനാർഹരായ വോയ്സ് ഓഫ് ആലപ്പി ടീം
മനാമ: ഇന്ത്യൻ ക്ലബിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രാമത്സരത്തിൽ വോയ്സ് ഓഫ് ആലപ്പിക്ക് ഒന്നാം സ്ഥാനം. ഏറ്റവും നല്ല ഘോഷയാത്രക്ക് പുറമെ, ഫ്ലോട്ട്, മാവേലി എന്നീ ഇനങ്ങളിലും വോയ്സ് ഓഫ് ആലപ്പി സമ്മാനാർഹരായി. ഏറ്റവും നല്ല മാവേലിയായി വോയ്സ് ഓഫ് ആലപ്പിയുടെ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു.
വോയ്സ് ഓഫ് ആലപ്പി വനിതവിഭാഗം സെക്രട്ടറി രശ്മി അനൂപിന്റെ നേതൃത്വത്തിൽ വനിതകളുടെ തിരുവാതിര നടന്നു. കുട്ടികളുടെ കൊയ്ത്തുപാട്ട്, സുമൻ സഫറുള്ളയുടേയും സംഘത്തിന്റെയും സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറി.
വോയ്സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ തനത് വഞ്ചിപ്പാട്ട്, നിതിൻ രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന വയലിൻ ഫ്യൂഷൻ എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകി. ആലപ്പുഴയുടെ കയർവ്യവസായവും മിഴാവ് വാദ്യക്കാരനും മോഹിനിയാട്ടവും വേലകളിയും ഉത്സവങ്ങളേയും പ്രതിനിധാനംചെയ്യുന്നതായിരുന്നു ഫ്ലോട്ട്, ആലപ്പുഴ ലൈറ്റ് ഹൗസ്, പരിച്ഛേദമായ നിരവധി വേഷങ്ങൾ തുടങ്ങി നൂറിലധികം കലാകാരന്മാരും കലാകാരികളും കുട്ടികളുമാണ് ഘോഷയാത്രക്ക് അണിനിരന്നത്. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ഗിരീഷ് ചുനക്കര, ഘോഷയാത്ര കൺവീനർ ജഗദീഷ് ശിവൻ എന്നിവർ നേതൃത്വം നൽകി.