Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ കുടുങ്ങിയ...

ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം

text_fields
bookmark_border
ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം
cancel
camera_alt

ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്

മനാമ: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചതോടെ യാത്ര തടസപ്പെട്ട ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അടിയന്തര നടപടികൾ ആരംഭിച്ചു. ടൂറിസ്റ്റ് വിസയിലും മറ്റും ഹ്രസ്വകാല സന്ദർശനത്തിനെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയവർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ഇതിനായി പ്രത്യേക പ്രവർത്തനരീതി തയ്യാറാക്കിയിരിക്കുന്നത്.

ബഹ്‌റൈനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലെത്തി അവിടെയുള്ള വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് പോകാനാണ് അനുമതി നൽകുന്നത്. ഇതിനായി സൗദി അധികൃതരിൽ നിന്ന് പ്രത്യേക ട്രാൻസിറ്റ് അനുമതി എംബസി വാങ്ങിനൽകും.

അപേക്ഷിക്കേണ്ട വിധം

സഹായം ആവശ്യമുള്ളവർ wel2.bahrain@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ വിശദാംശങ്ങൾ അയക്കണം.

അപേക്ഷകന്‍റെ പേര്, പാസ്‌പോർട്ട് നമ്പർ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, പാസ്‌പോർട്ട് പേജുകളുടെ പകർപ്പ്, വിസ വിവരങ്ങൾ, കൈയിലുള്ള വിമാന ടിക്കറ്റ് എന്നിവ ഇമെയിലിൽ ഉൾപ്പെടുത്തണം.

ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഈ വിവരങ്ങൾ റിയാദിലെ എംബസിക്ക് കൈമാറുകയും, അവർ സൗദി അധികൃതരിൽ നിന്ന് ഓരോ യാത്രക്കാരനും ആവശ്യമായ യാത്രാനുമതി ലഭ്യമാക്കുകയും ചെയ്യും. ഈ അനുമതി ലഭിച്ചാലുടൻ എംബസി നിങ്ങൾക്ക് ഒരു ഫോർമൽ നോട്ടിന്‍റെ പകർപ്പ് നൽകും. യാത്രയിൽ നിങ്ങളുടെ പാസ്‌പോർട്ട്, കൺഫേം ചെയ്ത ടിക്കറ്റ്, എംബസി നൽകിയ ഫോർമൽ നോട്ട് എന്നിവ നിർബന്ധമായും കൈവശം വെക്കണം. സൗദി ട്രാൻസിറ്റ് വിസയുടെ കാലാവധി 72 മുതൽ 96 മണിക്കൂർ (മൂന്ന് മുതൽ നാല് ദിവസം) വരെ മാത്രമാണ്. ഇതിനുള്ളിൽ ഇന്ത്യയിലേക്ക് മടങ്ങണം.

ഫെബ്രുവരി 28 മുതൽ ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാരാണ് മടങ്ങാനാവാതെ പ്രയാസപ്പെടുന്നത്. ഇവരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അറിയിച്ചു.

Show Full Article
TAGS:indian embassy Israel Iran War manama 
News Summary - Relief for Indians stranded in Bahrain
Next Story