ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനം; ഇന്നുമുതൽ ബഹ്റൈൻ മാളിലുള്ള കെ.എ വിസ സെന്ററിൽ
text_fieldsമനാമ: എംബസിaയിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനം വെള്ളിയാഴ്ച മുതൽ മനാമ സനാബീസിലെ ബഹ്റൈൻ മാളിലുള്ള കെ.എ. വിസ സെന്ററിൽ പ്രവർത്തിക്കും.ബഹ്റൈനിലെ ഇന്ത്യൻ എംബസി കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിലാണ് കോൺസുലാർ സർവിസുകൾക്ക് പുതിയ ഇടം സജ്ജമാക്കിയതായി അറിയിച്ചത്. മാളിലെ ഒന്നാം നിലയിൽ 14 കൗണ്ടറുകളോടുകൂടിയ വിശാലമായ ഓഫിസാണ് സർവിസുകൾക്കായി സെന്റർ ഒരുക്കിയിരിക്കുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ സെന്റർ പ്രവർത്തിക്കും. വെള്ളിയാഴ്ച അവധിയായിരിക്കും.ഫോം ഫില്ലിങ്, ഫോട്ടോ, ഫോട്ടോകോപ്പി, കൊറിയർ സർവിസ് തുടങ്ങി എല്ലാ സേവനങ്ങൾക്കും ആകെ 180 ഫിൽസ് മാത്രമാണ് ഈടാക്കുന്നത്. നേരത്തേ ഓരോ സേവനത്തിനും വെവ്വേറെ ഫീസ് ഈടാക്കിയിരുന്നു. ഇടപാട് പണമായിട്ടോ കാർഡ്, ബെനിഫിറ്റ് പോലുള്ള ഇ-പേമെന്റ് വഴിയോ നൽകാം. റെഡിയായ പാസ്പോർട്ടുകൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫിസ് സമയത്ത് ചെന്ന് കൈപ്പറ്റാവുന്നതാണ്.
നേരത്തെ 'EoIBHConnect' എന്ന ആപ് വഴിയായിരുന്നു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിരുന്നത്. ഇനി മുതൽ https://www.skylane.com/bh/india എന്ന വെബ്സൈറ്റ് വഴിയാണ് എടുക്കേണ്ടത്. 'EoIBHConnect' വഴി ഇനി അപ്പോയിന്റ്മെന്റ് ലഭിക്കില്ല. വെബ്സൈറ്റ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഏതൊരാൾക്കും അനായാസം അപ്പോയിന്റ്മെന്റ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.ആവശ്യമുള്ള സർവിസുകളുടെ കാറ്റഗറി തെരഞ്ഞെടുത്ത് ഫീസ് നടപടികൾ പൂർത്തിയാക്കിയാൽ ബുക്ക് അപ്പോയിന്റ്മെന്റ് ക്ലിക്ക് ചെയ്യാം. ശേഷം ഗെറ്റ് സ്റ്റാർട്ട് ക്ലിക്ക് ചെയ്യുക. ശേഷം ഫോൺ നമ്പർ നൽകുക. പിന്നീട് ലഭിക്കുന്ന ഒ.ടി.പി നൽകിയാൽ ബുക്കിങ് പൂർത്തിയാകും.നിലവിൽ നാട്ടിൽ നിന്നാണ് പാസ്പോർട്ട് പ്രിന്റ് ചെയ്തുവരുന്നത്. സമീപഭാവിയിൽ ഇ-പാസ്പോർട്ടിനുള്ള സാധ്യതകളും ബന്ധപ്പെട്ടവർ പ്രതീക്ഷ നൽകുന്നുണ്ട്. കാനൂ ഗ്രൂപ്പിന്റെ കീഴിലാണ് കെ.എ. വിസ സെന്ററിന്റെ പ്രവർത്തനം.