Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്കൂൾ...

ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഡിസംബർ 11ന്

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

മനാമ: ഇന്ത്യൻ സ്കൂളിന്റെ 2026-ലെ വാർഷിക പൊതുയോഗവും 2026-2029 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ഡിസംബർ 11 വെള്ളിയാഴ്ച നടക്കും. ഇസ ടൗൺ ക്യാമ്പസിൽ രാവിലെ 8 മണി മുതലാണ് തിരഞ്ഞെടുപ്പടക്കമുള്ള ചടങ്ങ് നടക്കുക. ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് വിധേയമായിട്ടായിരിക്കും തിരഞ്ഞെടുപ്പും പൊതുയോഗവും നടക്കുകയെന്ന് സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

വാർഷിക പൊതുയോഗം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വോട്ടെടുപ്പ് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. 2026 സെപ്റ്റംബർ 25-ന് നടന്ന അസാധാരണ പൊതുയോഗം (ഇ.ജി.എം) അംഗീകരിച്ച ഭരണഘടന പ്രകാരമായിരിക്കും നടപടികൾ നടക്കുക. യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന അംഗങ്ങൾ പ്രവേശന കവാടത്തിൽ സി.പി.ആർ കാർഡും അംഗത്വ നമ്പറും ഹാജരാക്കേണ്ടതാണ്. 5 ബഹ്‌റൈൻ ദിനാർ വാർഷിക അംഗത്വ വരിസംഖ്യ അടച്ചവർക്ക് മാത്രമേ യോഗത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുക്കാൻ അർഹതയുള്ളൂ.

കൂടാതെ, 2026 നവംബർ വരെയുള്ള കുട്ടികളുടെ സ്കൂൾ ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കൾക്ക് യോഗത്തിലോ തിരഞ്ഞെടുപ്പിലോ പങ്കെടുക്കാൻ സാധിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. 2026-2029 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ്, 2025 ഡിസംബർ 19-ന് നടന്ന പൊതുയോഗത്തിന്റെ മിനിറ്റ്സ് അംഗീകരിക്കൽ, 2025-2026 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അക്കാദമിക് റിപ്പോർട്ടും അവതരിപ്പിക്കൽ, 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകൾ അംഗീകരിക്കൽ, പ്രധാന കരാറുകളുടെ അംഗീകാരം, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ അവലോകനം, പ്രമേയങ്ങളും ഭേദഗതികളും ചർച്ച ചെയ്യൽ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകൾ.

ഓഡിറ്റ് റിപ്പോർട്ടിന്റെയും കണക്കുകളുടെയും കരട് നവംബർ 25ന് ഇസ ടൗൺ ക്യാമ്പസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഇതിന്റെ പകർപ്പ് ആവശ്യമുള്ളവർ നവംബർ 29നകം പ്രിൻസിപ്പലിന് രേഖാമൂലം അപേക്ഷ നൽകണം. നവംബർ 30 മുതൽ ഡിസംബർ 2 വരെ സ്കൂൾ ഓഫീസിൽ നിന്ന് പകർപ്പുകൾ കൈപ്പറ്റാവുന്നതാണ്. കണക്കുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടവർ ഡിസംബർ 7നകവും, പ്രമേയങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടവർ നവംബർ 30നകവും രേഖാമൂലം അപേക്ഷ നൽകേണ്ടതാണ്.

പൊതുയോഗത്തിലും വോട്ടെടുപ്പിലും പങ്കെടുക്കുന്ന രക്ഷിതാക്കൾക്കായി സ്കൂൾ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 11ന് രാവിലെ 7 മണിക്ക് ആദ്യ സ്റ്റോപ്പിൽ നിന്ന് ബസുകൾ പുറപ്പെടും. തിരികെയുള്ള യാത്ര ഉച്ചയ്ക്ക് 3 മണിക്ക് ആയിരിക്കും. മുഹറഖ് (ബസ് നമ്പർ 1), റിഫ (ബസ് നമ്പർ 2, 3), മനാമ (ബസ് നമ്പർ 5), ഗുദൈബിയ (ബസ് നമ്പർ 6), ജുഫൈർ (ബസ് നമ്പർ 7) എന്നീ മേഖലകളിൽ നിന്നാണ് സർവീസുകൾ ഉള്ളത്. യാത്രാ സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഒരു ദിവസം മുമ്പായി അതത് ബസ് ഡ്രൈവർമാരെയോ, ട്രാൻസ്പോർട്ട് കോർഡിനേറ്റർമാരായ സുനിൽ കുമാർ (33660521), ഇസ്മായിൽ (36540443) എന്നിവരെയോ വിളിച്ച് സമയം ഉറപ്പുവരുത്തേണ്ടതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:indian school bahrain executive committee election Gulf News 
News Summary - Indian School Executive Committee Election on Dec 11 Under New EGM Rules
Next Story