ഇന്നസെന്റ്: പ്രവാസി മലയാളികളുടെയും മനംകവർന്ന ഇരിങ്ങാലക്കുടക്കാരൻ
text_fields2008ൽ ബഹ്റൈൻ ഇന്ത്യൻ ക്ലബിൽ ‘സംഗമം ഇരിങ്ങാലക്കുട’ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രവാസി മലയാളികളുടെയും മനംകവർന്ന നടനപ്രതിഭയായിരുന്നു ഇന്നസെന്റ്. ഇരിങ്ങാലക്കുടയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ അതുല്യനായ ആ കലാകാരൻ നിരവധി തവണ പ്രവാസികളുടെ ആതിഥേയത്വമേറ്റുവാങ്ങി ബഹ്റൈനിലെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുടക്കാരനാണെന്ന് സിനിമക്ക് അകത്തും പുറത്തും എപ്പോഴും പറഞ്ഞ്, അതിൽ അഭിമാനിച്ചിരുന്ന ഇന്നസെന്റ് ഇരിങ്ങാലക്കുട സ്വദേശികളുടെ ബഹ്റൈനിലെ കൂട്ടായ്മയായ ‘സംഗമം ഇരിങ്ങാലക്കുട’ഉദ്ഘാടനം ചെയ്യാനായാണ് 2008ൽ ബഹ്റൈനിലെത്തിയത്. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂവെങ്കിലും ഇരിങ്ങാലക്കുടയിലെ എല്ലാ സ്കൂളുകളിലും വർഷങ്ങളോളം പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. മോഹൻ, ഭരതൻ, കെ.ജി. ജോർജ് എന്നിവരുടെ സംവിധാനത്തിലുള്ള സിനിമകൾ നിർമിച്ചാണ് ഇന്നസെന്റ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. സിനിമാനിർമാണവും നടത്തിയ ബിസിനസുകളും നഷ്ടത്തിൽ കലാശിച്ചു.
പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തി. മാള അരവിന്ദൻ, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാർ എന്നീ ത്രിമൂർത്തികൾ മലയാള സിനിമയിലെ ഹാസ്യരംഗത്ത് കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലാണ് സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവരുടെ ഹാസ്യപ്രധാന സിനിമകളിലൂടെ സജീവമാകുന്നത്.
ചടുലമായ സംഭാഷണങ്ങളും ശരീരഭാഷയും തന്റേതായ ശൈലിയുംകൊണ്ട് എക്കാലത്തും ഓർമിക്കപ്പെടുന്ന നല്ല കുറെ കഥാപാത്രങ്ങൾ അദ്ദേഹം മലയാളിക്കു നൽകി. സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും നർമബോധം എപ്പോഴും സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെയായിരിക്കാം പ്രവാസിമനസ്സുകളിൽ അദ്ദേഹം കുടിയേറിയത്.
ഫ്രൻഡ്സ് സോഷ്യൽ അസോ. സർഗവേദി അനുശോചിച്ചു
മനാമ: മലയാളസിനിമയിൽ ചിന്തയുടെയും ചിരിയുടെയും ഇതളുകൾ വിരിയിച്ച് പ്രേക്ഷകമനസ്സിൽ ഇടംനേടിയ സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി അനുശോചിച്ചു.
അർബുദത്തെ നർമത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും അതിജീവിച്ച അദ്ദേഹം പിന്നീട് ആ അനുഭവങ്ങൾ ‘കാൻസർ വാർഡിലെ ചിരി’എന്നപേരിൽ പുസ്തകമാക്കി. അർബുദം ബാധിച്ച പലർക്കും അതിലൂടെ ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് സാധിച്ചു.
അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാലോകത്തിന് കനത്ത നഷ്ടമാണെന്ന് സർഗവേദി വിലയിരുത്തി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രൻഡ്സ് സർഗവേദി സെക്രട്ടറി എം. അബ്ബാസും കൺവീനർ പി. ശാഹുൽ ഹമീദും അറിയിച്ചു.
കണ്ണൂർ സർഗവേദി
നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തി. ഫിറോസ്, അജിത്, ഹേമന്ത്, മനോജ്, ബിജിത്ത്, സാജുറാം, സനൽ എന്നിവർ പങ്കെടുത്തു.
ലാല്‍ കെയേഴ്സ്
നടനും മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് അനുശോചനം രേഖപ്പെടുത്തി. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും സ്വതസിദ്ധമായ നര്‍മബോധത്തോടെ നേരിട്ട അദ്ദേഹം മലയാള സിനിമയുടെയും മലയാളിയുടെയും അഭിമാന താരമായിരുന്നെന്ന് കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ അരുണ്‍ ജി. നെയ്യാര്‍ എന്നിവര്‍ വാർത്തക്കുറിപ്പിൽ പറഞ്ഞു.