ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ലയനം
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സംഘടനകളായ യു.പി.പിയും ഐ.എസ്.പി.പിയും ലയിക്കാൻ തീരുമാനം. സ്കൂളിലെ നിലവിലെ ഭരണസമിതിയുടെ പിടിപ്പുകേടുകൾക്കും നീതിപൂർവമല്ലാത്ത നടപടികൾക്കുമെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ്, ഭരണസമിതി തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് പേരന്റ് പാനലുമായി (യു.പി.പി) സഹകരിച്ച് പ്രവർത്തിക്കാൻ ഐ.എസ്.പി.പി ഏകകണ്ഠമായി തീരുമാനിച്ചത്.
സ്കൂളിന്റെ ജനാധിപത്യപരമായ പ്രവർത്തനരീതികളെയും ഭരണഘടനാപരമായ സംവിധാനങ്ങളെയും അവഗണിച്ചുകൊണ്ട് നിലവിലെ ഭരണസമിതി സ്വീകരിക്കുന്ന നടപടികൾ രക്ഷിതാക്കളുടെ അവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എസ്.പി.പി. നേതാക്കള്‍ വിലയിരുത്തി.
പ്രത്യേക ജനറൽ ബോഡിയിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്കും ആശങ്കകൾക്കും അർഹമായ പരിഗണന നൽകാതിരുന്നതും, ജനറൽ ബോഡിയിൽ പാസാക്കാത്ത വിഷയങ്ങൾ പോലും പാസായതായി രേഖപ്പെടുത്തി അവതരിപ്പിച്ചതും, വിയോജിപ്പുകൾ ഉന്നയിക്കുന്ന രക്ഷിതാക്കളെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചതും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സ്കൂളിന്റെ ജനാധിപത്യപരമായ പാരമ്പര്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. സ്കൂളിന്റെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുകയും സുതാര്യവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയും വേണമെന്നും യോഗം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് നിലവിലെ ഭരണസമിതിയുടെ തെറ്റായ നടപടികൾക്കെതിരെ യോജിച്ച നിലപാടുമായി മുന്നോട്ടുപോകുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.പി.പിയുമായി സഹകരിക്കുന്നതിനും ഐ.എസ്.പി.പി ഏകകണ്ഠമായി തീരുമാനമെടുത്തതായി കണ്‍വീനറും സ്കൂൾ മുൻ വൈസ് ചെയർമാനുമായ ജയ്ഫര്‍ മൈദാനി, ജോയിന്‍റ് കണ്‍വീനര്‍മാരായ സജി റിഫ, നിബു മനാമ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
സ്കൂളിന്റെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രക്ഷിതാക്കളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും നീതിപൂർവമായ ഭരണസംവിധാനം ഉറപ്പാക്കാനുമുള്ള പോരാട്ടത്തിൽ യു.പി.പിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും യോഗം വ്യക്തമാക്കി.



