സാമൂഹ്യപ്രവർത്തകരുടെ കരുതൽ; 21 വർഷങ്ങൾക്ക് ശേഷം നാടണഞ്ഞ് ഇയ്യപ്പൻ മുരുകയ്യൻ
text_fieldsമുരുകയ്യനെ എയർപോർട്ടിൽ യാത്രയാക്കുന്ന സാമൂഹ്യപ്രവർത്തകർ
ദുരിതവും വേദനയും നിറഞ്ഞ കാലത്തോടും സാഹചര്യത്തോടും വിടപറഞ്ഞ് 21 വർഷങ്ങൾക്ക് ശേഷം ഇയ്യപ്പൻ മുരുകയ്യൻ നാടണഞ്ഞു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുരുകയ്യൻ 2004ലാണ് ഡൊമസ്റ്റിക് തൊഴിലാളിയായി പവിഴ ദ്വീപിലെത്തുന്നത്. തൊട്ടടുത്ത വർഷം വിസ കാലാവധി കഴിഞ്ഞു. ശേഷം മുരുകയ്യന്‍റെ ജീവിതം കെട്ടുപൊട്ടിയ പട്ടം പോലെയായിരുന്നു. തൊഴിലുടമ മിസ്സിങ് കേസ് ഫയൽ ചെയ്തത് ഒരു വശത്ത്. പിന്നീട് നാടുകടത്താനും, അറസ്റ്റ് ചെയ്യാനും ട്രാവൽ ബാൻ ഏർപ്പെടുത്താനും കോടതി വിധിയും.
പക്ഷേ മുരുകയ്യൻ പിടിക്കപ്പെട്ടില്ല. പാസ്പോർട്ടടക്കം തൊഴിലുടമയുടെ കൈവശമായിരുന്നു. ഒരു രേഖയും സ്വന്തമായില്ലാതെ നീണ്ട 20 വർഷക്കാലം രാജ്യത്ത് വിവിധയിടങ്ങളിൽ ചെറു ജോലികളുമായി തുടരുകയായിരുന്നു അദ്ദേഹം. വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെങ്കിലും നാട്ടിൽ പോകാനുള്ള വഴികൾ മുരുകയ്യന് അടഞ്ഞു തന്നെ കിടന്നു. അതിനിടയിലാണ് രോഗം അദ്ദേഹത്തെ കീഴ്പ്പെടുത്തുന്നത്. പ്രമേഹം പിടിമുറുക്കിയതിനെ തുടർന്ന് കാൽ വിരലുകൾ രണ്ടെണ്ണം മുറിച്ചു മാറ്റേണ്ടി വന്നു.
നടക്കാനോ പരസഹായമില്ലാതെ പ്രവർത്തിക്കാനോ കഴിയാത്ത അവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ തുടരുമ്പോഴാണ് ഹോപ് സന്നദ്ധപ്രവർത്തകരുടെ ഹോസ്പിറ്റൽ വിസിറ്റ് സംഘം അദ്ദേഹത്തെ കാണാനിടയാകുന്നത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനുള്ള നിയമ സഹായങ്ങൾ നൽകാനും എംബസിയുമായി സഹകരിച്ച് പാസ്പോർട്ട് തയ്യാറാക്കാനും പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ് സുധീർ തിരുനിലത്തും, സെക്രട്ടറി ഡോ. റിഥിൻ രാജും മുന്നിട്ടു വന്നു.
ഇന്ത്യൻ എംബസി നൽകിയ എമർജൻസി സർട്ടിഫിക്കറ്റ് വഴി നിയമ നടപടികൾ പൂർത്തിയാക്കാനും യാത്രാ നിരോധനം പിൻവലിപ്പിക്കാനും സാധിച്ചതോടെ മുരുകയ്യന്‍റെ അഭിലാഷം പൂവണിയുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ചൈന്നൈക്കുള്ള വിമാനത്തിൽ അദ്ദേഹം നാടണഞ്ഞു. ഒന്നിലധികം സംഘടനകളുടെയും വ്യക്തികളുടെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ മാനുഷിക ദൗത്യം പൂർത്തിയായത്. സൽമാനിയ ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജായതിന് ശേഷം പിന്നീടുവന്ന ചികിത്സയും പരിചരണവും അൽ ഹിലാൽ ഹെൽത്ത് കെയറിന്‍റെ സഹകരണത്തോടെയാണ് നടത്തിയത്.
പിഴക്കുള്ള തുക നൽകിയത് ഹോപ് ബഹ്റൈനാണ്. ചികിത്സക്കായും പരിചരണത്തിനായും കൂടെ നിന്ന് പ്രവർത്തിക്കുന്നതിൽ പി.എൽ.സി വർക്കിങ് കമ്മിറ്റി മെമ്പർമാരും ഹോപ് അംഗങ്ങളായ സാബു ചിറമ്മൽ, ഫൈസൽ പട്ടാണ്ടി, അഷ്കർ, ഷാജി എന്നിവരും മുന്നിലുണ്ടായിരുന്നു. താൽക്കാലിക താമസവും യാത്രാ ടിക്കറ്റും നൽകി ഇ.സി.സി പളനിയും ഈ മാനുഷിക പരിഗണനയിൽ ഭാഗവാക്കായി. നിയമ നടപടികളുമായി കോടതിയിൽ നിരന്തരം കയറിയിറങ്ങിയ അഭിഭാഷകൻ താരിഖ് അലോണിന്‍റെ പ്രവർത്തനവും മുരുകയ്യന്‍റെ യാത്ര വേഗത്തിലാക്കാൻ കാരണമായി. പിതാവിനും മാതാവിനും കൂടെ ഭാര്യയും 24 വയസ്സുകാരിയായ മകളുമടങ്ങുന്നതാണ് മുരുകയ്യന്‍റെ കുടുംബം. യാത്ര പറയാനൊരുങ്ങിയ അദ്ദേഹത്തിന്‍റെ കണ്ണിൽ സഹകരിച്ച എല്ലാവരോടുമുള്ള കൃതജ്ഞത നിറഞ്ഞിരുന്നു.