ഇന്ത്യൻ ക്ലബിനെ ഇനി ജോസഫ് ജോയ് നയിക്കും
text_fieldsജോസഫ് ജോയ് (പ്രസി.), വളപ്പിൽ മല്ലായി വിദ്യാധരൻ (വൈസ് പ്രസി.), അനിൽ കുമാർ ആർ (ജന. സെക്ര.), മനോജ് കുമാർ എം (അസി. ജന. സെക്ര.), സുരേഷ് ദേശികൻ (ട്രഷ.)
മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി അസോസിയേഷനായ ഇന്ത്യൻ ക്ലബിനെ ഇനി ജോസഫ് ജോയ് നയിക്കും. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിച്ച ടീം ഡൈനാമിക് മിന്നുംജയമാണ് സ്വന്തമാക്കിയത്. എതിർ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ കാഷ്യസ് പെരേരക്കെതിരെ 47 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസഫ് ജോയിയുടെ വിജയം.
വ്യക്തമായ ലീഡോടെ 281 വോട്ടുകൾ ജോസഫ് നേടിയപ്പോൾ 234 വോട്ടുകൾ മാത്രമാണ് കാഷ്യസ് പെരേരക്ക് നേടാനായത്. ‘ടീം ഡൈനാമിക്’, ‘ടീം റിവൈവൽ’ എന്നിങ്ങനെ രണ്ട് പാനലുകളായായിരുന്നു മത്സരിച്ചത്. പന്ത്രണ്ട് ഭരണസമിതി അംഗങ്ങളിൽ ഒരു സ്ഥാനമൊഴികെ പതിനൊന്നു സീറ്റുകളിലും ടീം ഡൈനാമിക് പാനൽ സ്ഥാനാർഥികളാണ് ജയിച്ചത്. ടെന്നീസ് സെക്രട്ടറി സ്ഥാനാർഥിയായി മത്സരിച്ച അനൂപ് ഗോപാലകൃഷ്ണൻ മാത്രമാണ് ടീം റിവൈവൽ പാനലിന് ആശ്വാസജയം സമ്മാനിച്ചത്.
പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ 520 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകീട്ട് 6ന് പോളിങ് അവസാനിച്ചശേഷം ആരംഭിച്ച വോട്ടെണ്ണൽ രാത്രി 9.30നാണ് പൂർത്തിയായത്. തുടർന്ന് റിട്ടേണിങ് ഓഫിസർ ഉല്ലാസ് കർണാവർ ഫലം പ്രഖ്യാപിച്ചു.
ക്ലബിനെ എല്ലാ അംഗങ്ങൾക്കും അഭിമാനിക്കാവുന്ന ഒരിടമാക്കി മാറ്റുമെന്ന് പ്രസിഡന്റ് ജോസഫ് ജോയ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച പ്രവർത്തനം കാഴ്ചവെച്ച മുൻ പ്രസിഡന്റ് കാഷ്യസ് പെരേരയെയും കമ്മിറ്റിയെയും ജോസഫ് ജോയ് അഭിനന്ദിച്ചു.
ഭാരവാഹികളും അവർക്ക് ലഭിച്ച വോട്ടുകളും
പ്രസിഡന്റ്: ജോസഫ് ജോയ് (281)
വൈസ് പ്രസിഡന്റ്: വളപ്പിൽ മല്ലായി വിദ്യാധരൻ (372)
ജനറൽ സെക്രട്ടറി: അനിൽ കുമാർ ആർ (355)
അസിസ്റ്റന്റ് ജനറൽ സെക്രട്ടറി: മനോജ് കുമാർ എം. (313)
ട്രഷറർ: സുരേഷ് ദേശികൻ (285)
അസിസ്റ്റന്റ് ട്രഷറർ: സി. ബാലാജി (389)
എന്റർടെയ്ൻമെന്റ് സെക്രട്ടറി: ശങ്കര സുബ്ബു നന്ദകുമാർ (എതിരില്ല)
അസിസ്റ്റന്റ് എന്റർടെയ്ൻമെന്റ് സെക്രട്ടറി: വിനു ബാബു എസ്. (267)
ബാഡ്മിന്റൺ സെക്രട്ടറി: ബിനു പാപ്പച്ചൻ (339)
ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി സെക്രട്ടറി: റെമി പ്രസാദ് പിന്റോ (എതിരില്ല)
ടെന്നിസ് സെക്രട്ടറി: അനൂപ് ഗോപാലകൃഷ്ണൻ (304)
ഇൻഡോർ ഗെയിംസ് സെക്രട്ടറി: സി.എ. ഷാജിമോൻ (315)