കിങ്സ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് സമാപനം
text_fieldsവടംവലി മത്സരത്തിൽനിന്ന്
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ഡിജിറ്റൽ റേഞ്ചിൽ നടന്ന കിങ്സ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പന് സമാപനം. സായുധ സേന സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ചാമ്പ്യൻഷിപ്. സമാപനചടങ്ങിൽ രാജാവിന്റെ പ്രതിനിധിയായി ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് അഹ്മദ് അൽ ഖലീഫയായിരുന്നു പങ്കെടുത്തത്.
2024-2025ലെ സ്പോർട്സ് എക്സലൻസ് അവാർഡ് ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫക്ക് ചടങ്ങിൽ കമാൻഡർ-ഇൻ-ചീഫ് സമ്മാനിച്ചു.
വ്യത്യസ്ത ഇനങ്ങളിലെ ഷൂട്ടിങ്, വടംവലി, സേനാംഗങ്ങളുടെ ശാരീരികവും മാനസികവുമായ കരുത്തും, പോരാട്ട വൈദഗ്ധ്യവും, ടീം വർക്ക് ശേഷിയും പരീക്ഷിക്കുന്ന വിവിധ ടാസ്ക്കുകൾ എന്നിവയായിരുന്നു ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്നത്.ടീമുകളായി ചേർന്നായിരുന്നു സേനാംഗങ്ങൾ മത്സരിച്ചത്. വിജയിച്ച ടീമുകൾക്ക് കമാൻഡർ-ഇൻ-ചീഫ് അവാർഡുകൾ സമ്മാനിച്ചു.
ചടങ്ങിൽ ബി.ഡി.എഫിന്റെ ഈ വർഷത്തെ നേട്ടങ്ങളെ എടുത്തുപറഞ്ഞ് മിലിട്ടറി സ്പോർട്സ് ഫെഡറേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ലത്തീഫ് ബിൻ ജലാൽ സംസാരിച്ചു. കമാൻഡർ-ഇൻ-ചീഫിന്റെ നിർദേശങ്ങളും തുടർച്ചയായ പിന്തുണയുമാണ് ഈ നേട്ടങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശൈഖ് നാസറിന്റെ നേട്ടം, പാരിസ് ഒളിമ്പിക്സിൽ രാജ്യം നേടിയ നാല് മെഡലുകൾ, ഗൾഫ് കപ്പിലെ വിജയം, ജി.സി.സി മിലിട്ടറി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം, ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം, ലോക അത്ലറ്റിക്സ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം, ലോക മിലിട്ടറി ജൂഡോ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം, അന്താരാഷ്ട്ര സ്നൈപ്പർ മത്സരത്തിൽ മൂന്നാം സ്ഥാനം, അന്താരാഷ്ട്ര മിലിട്ടറി പെന്റാത്ലൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം എന്നിവയിലെ രാജ്യത്തിനുണ്ടായ കായിക നേട്ടങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.
ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് സ്പോർട്സ് എക്സലൻസ് അവാർഡ് ശൈഖ് നാസറിന് കൈമാറുന്നു
കായികരംഗത്തിനും കായികതാരങ്ങൾക്കും പിന്തുണനൽകുന്നതിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ പരിശ്രമങ്ങൾക്കും അബ്ദുല്ലത്തീഫ് ബിൻ ജലാൽ നന്ദി പറഞ്ഞു.
നാഷനൽ ഗാർഡ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി, സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.