ആസ്വാദകരുടെ മനം കവർന്ന് കുട്ടി സാറ
text_fieldsകുട്ടി സാറ
മനാമ: അഭിനയമികവ് കൊണ്ട് ബഹ്റൈനിലെ ആസ്വാദകരുടെ മനം കവർന്ന് കുട്ടി സാറ. ബഹ്റൈനിൽ പ്രവാസികളായ കണ്ണൂർ സ്വദേശി ലിജിന്റെയും പ്രിയയുടെയും മകളായ കുട്ടി സാറ എന്ന സാറ ലിജിൻ ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ടിക് ടോക് വിഡിയോകളിലൂടെയാണ് കുട്ടിസാറ ബഹ്റൈനിൽ അറിയപ്പെടാൻ തുടങ്ങിയത്. ചെറിയപ്രായത്തിൽതന്നെ വ്യത്യസ്തമായ സിനിമ കോമഡി വിഡിയോസിൽ അഭിനയിച്ച് കാഴ്ചക്കാരുടെ മനസ്സിൽ ഇടംപിടിക്കാൻ കുട്ടി സാറക്ക് സാധിച്ചു.
രണ്ട് വർഷം മുമ്പ് കെ.സി.എ ടാലന്റ് ഹണ്ടിൽ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുത്ത് ആദ്യ അവസരത്തിൽതന്നെ കുട്ടി സാറ രണ്ടാംസ്ഥാനം നേടിയിരുന്നു. അലീന എന്ന കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കെ.എൽ. ബ്രോ ബിജു റീഥ്വിക് പ്രൊഡക്ഷൻ നിർമിച്ച ‘അലീന ദി ബിഗിനിങ്’ എന്ന സിനിമ യൂട്യൂബിൽ ഒരു മില്യൻ ആൾക്കാർ കണ്ടു. വയനാട്ടിൽ ചിത്രീകരിച്ച ഈ സിനിമ ഈ വർഷം ജനുവരിയിലാണ് റിലീസ് ചെയ്തത്. അതിനിടയിലാണ് ‘ദി റെഡ് ബലൂൺ’ എന്ന ഷോർട്ട് ഫിലിം കുട്ടി സാറ എന്റർടൈൻമെൻറിന്റെ ബാനറിൽ ബഹ്റൈനിൽ തിയറ്റർ റിലീസ് ചെയ്തത്.
ചിത്രം വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ഇതിൽ മികച്ച അഭിനയമാണ് കുട്ടി സാറ കാഴ്ചവെച്ചത്. അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ച ഈ മിടുക്കി ഇപ്പോൾ കഥക് ഡാൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആവണി അർജുനാണ് കഥക് ഗുരു. പിതാവ് ലിജിൻ ബഹ്റൈനിലെ ഒരു പ്രമുഖ ഷിപ്പിങ് കമ്പനിയിൽ പ്രോജക്ട് മാനേജരാണ്. ഇനിയും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ കൊച്ചുകലാകാരി.