അവന്യൂസ് മാളിൽ ബഹ്‌റൈൻ ‘ജംബോ ലോസ് ഫെസ്റ്റിവ’ലുമായി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsദി അവന്യൂസിൽ ജംബോ ലോസ് ഫെസ്റ്റിവലൽ ഉദ്ഘാടനം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ മുനിസിപ്പാലിറ്റീസ് കാര്യ കൃഷി മന്ത്രി വെഈൽ ബിൻ നാസർ ആൽ മുബാറക് നിർവഹിക്കുന്നു
മനാമ: പ്രാദേശിക കർഷകരെയും തദ്ദേശീയ ബ്രാൻഡുകളെയും പിന്തുണച്ചുകൊണ്ട്, ബഹ്‌റൈൻ പഴങ്ങളുടെയും ഈന്തപ്പഴത്തിന്റെയും സീസൺ ആഘോഷമാക്കി അവന്യൂസ് മാളിൽ ബഹ്‌റൈൻ ജംബോ ലോസ് ഫെസ്റ്റിവലുമായി ലുലു ഹൈപ്പർമാർക്കറ്റ്. ആഗസ്റ്റ് 13 മുതൽ 15 വരെ മൂന്ന് ദിവസങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ മുനിസിപ്പാലിറ്റീസ് കാര്യ കൃഷി മന്ത്രി വെഈൽ ബിൻ നാസർ ആൽ മുബാറക് ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പൈതൃകവും വിഭവ സമൃദ്ധവുമായ ഒരു കർഷകച്ചന്തയുടെ മാതൃകയിലാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതൽ അർദ്ധരാത്രി വരെ സന്ദർശകർക്കായി തുറന്നിരിക്കുന്ന മേളയിൽ പ്രാദേശികമായി വളർത്തിയ ലോസ് (ബദാം), അത്തിപ്പഴം, പുതിയ ഈന്തപ്പഴം എന്നിവയ്ക്കൊപ്പം തേനുകൾ, കാപ്പി, അച്ചാറുകൾ തുടങ്ങിയ പരമ്പരാഗത ബഹ്‌റൈൻ ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം വലിപ്പത്തിലും രുചിയിലും പ്രത്യേകതയുള്ള ബഹ്‌റൈൻ ജംബോ ലോസ് ആണ്. കൂടാതെ, പുതിയതായി തയാറാക്കിയ ലോസ് ഐസ് ക്രീമും റിഫ്രഷിംഗ് ലോസ് സ്ലഷീസും സന്ദർശകർക്ക് പുതിയൊരു രുചി അനുഭവം നൽകും.
ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ കർഷകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ റീട്ടെയിൽ ഡയറക്ടർ ജൂസർ രൂപവാല പറഞ്ഞു. കാലാവസ്ഥാ വെല്ലുവിളികളും പരിമിതമായ കൃഷിസ്ഥലങ്ങളും ഉണ്ടെങ്കിലും, തലമുറകളായി കൈമാറികിട്ടിയ അറിവിലൂടെ പ്രാദേശിക കർഷകർ ഉയർന്ന നിലവാരമുള്ള വിളകളാണ് ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി അവന്യൂസ് ബഹ്‌റൈൻ ഗേറ്റ് 6-ൽ ലുലു ഹൈപ്പർമാർക്കറ്റിന് മുൻവശമാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്.


