മഹാത്മാഗാന്ധി കൾചറൽ ഫോറം ദണ്ഡിയാത്ര അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദണ്ഡിയാത്ര അനുസ്മരണം സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നിമ്മി ജിനോ ആലപിച്ച ദേശഭക്തിഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. മാത്യു ബേബി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവായിമാറിയ സംഭവങ്ങളായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യഗ്രഹവും ദണ്ഡിയാത്രയുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ അധിനിവേശത്തിനെതിരെ ഇന്ത്യ ഒട്ടാകെ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ ദണ്ഡിയാത്രയിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ മുൻ പ്രസിഡന്റുമാരായ അഡ്വ. പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, യു.കെ. അനിൽ, ബിജു ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതവും വിനോദ് ഡാനിയേൽ നന്ദിയും പറഞ്ഞു. പവിത്രൻ പൂക്കുറ്റി, ലിജു പാപ്പച്ചൻ, മുജീബ്, സന്തോഷ്, വിനോദ്, അജി ജോർജ്, ജോർജ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.