ദേശീയ ദിനത്തിന് ക്രാഫ്റ്റ് വർക്കിൽ തീർത്ത പതാകയുമായി മലയാളി യുവതി
text_fieldsബ്ലെയ്സി ബിജോയ്
മനാമ: ബഹ്റൈൻ ദേശീയ ദിനത്തിന് ആശംസകളുമായി ക്രാഫ്റ്റ് വർക്കിൽ ഉണ്ടാക്കിയ ദേശീയ പതാകയുമായി മലയാളി യുവതി. 14 വർഷമായി ബഹ്റൈനിൽ പ്രവാസിയായ തൃശൂർ ജില്ലയിലെ വലപ്പാട് സ്വദേശിയായ ബ്ലെയ്സി ബിജോയിയാണ് ക്രീപ് പേപ്പർ സ്ക്വയർ ഷെയ്പ്പിൽ മുറിച്ചെടുത്ത് പെൻസിൽ ഉപയോഗിച്ച് 70x100 സെന്റി മീറ്റർ വലുപ്പത്തിൽ ഫോം ബോർഡിൽ ഒട്ടിച്ചെടുത്ത് (ക്രീപ് പേപ്പർ ഫഫീ ആർട്ട്) പതാക ഉണ്ടാക്കിയത്. സ്വന്തം ജന്മനാടിനെപ്പോലെ സ്നേഹിക്കുന്ന ബഹ്റൈനോടുള്ള ആദരസൂചകമായി എല്ലാ വർഷവും ദേശീയ ദിനത്തിന്റെ ഭാഗമായി ക്രാഫ്റ്റ് വർക്കുകൾ ചെയ്യാറുണ്ട്.
ന്യൂ ഹോറിസൺ സ്കൂളിലെ അധ്യാപികയായ ബ്ലെയ്സി പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ കലാരൂപങ്ങൾ ഉണ്ടാക്കുന്നതിലൂടെ ഇതിനകം ശ്രദ്ധേയയായ കലാകാരിയാണ്. ക്രാഫ്റ്റ് വർക്കുകളുമായി ബന്ധപ്പെട്ട് കേരളീയ സമാജത്തിലും സിറോ മലബാർ സൊസൈറ്റിയിലും സമ്മർ ക്യാമ്പുകളിൽ ബ്ലെയ്സി ക്ലാസെടുത്തിട്ടുണ്ട്. ബ്ലെയ്സ് ക്രിയേഷൻ എന്ന പേരിൽ സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്.


